കൊല്ലം: ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജൂലൈ ഒന്നു മുതല്‍ 1,43,03,000 രൂപയുടെ നാശനഷ്ടം കണക്കാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 35 വീടുകള്‍ ഭാഗികമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നതില്‍ 13,55,000 രൂപയുടെ നഷ്ടം ഉണ്ടായി. ഇന്നലെ മാത്രം 18 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതില്‍ 7,43,000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
109.87 ഹെക്ടര്‍ കൃഷിയിടങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. 982 കര്‍ഷകരില്‍ നിന്നായി 109.87 ലക്ഷം രൂപയുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. വള്ളം തകര്‍ന്ന് 25000 രൂപയുടെ നഷ്ടമുണ്ടായതായി ഫിഷറീസ് വകുപ്പും അറിയിച്ചു.
453.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശൂരനാടാണ് കൂടുതല്‍ മഴ ലഭിച്ചത് -82 മില്ലിമീറ്റര്‍.
ഇത്തിക്കര (95.59/98.50), അയിരൂര്‍ (4.12/4.80), അച്ചന്‍കോവില്‍ (30.40/29.70), പള്ളിക്കല്‍ (13.12/13.25), കല്ലട (1.42/4.50) എന്നിങ്ങനെയാണ് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ്. ബന്ധപ്പെട്ട തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് തത്സഥിതി നിരീക്ഷിക്കാനും മുന്‍കരുതല്‍ എടുക്കാനും കണ്‍ട്രോള്‍ റൂമില്‍ നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.