തോക്ക് ചൂണ്ടി മോഷണ ശ്രമം;പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

Advertisement

കൊട്ടാരക്കര: തോക്ക് ചൂണ്ടി മോഷണ പരമ്പര നടത്തിയ സംഘത്തിനെതിരെ കേസ് തെളിയിക്കാനാകാത്തത് പോലീസിന് നാണക്കേടായി. 2019 സെപ്റ്റംബര്‍ 28ന് ആയിരുന്നു നാടിനെ വിറപ്പിച്ച കേസിന് ആസ്പദമായ മോഷണ സംഭവം നടന്നത്. എഴുകോണ്‍ തലവൂര്‍ക്കോണം ജംഗ്ഷനില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളായ ദല്‍ഹി സ്വദേശികളായ സത്യദേവ്, സുരേന്ദര്‍ബണ്ടി, അമിത്കുമാര്‍, ദീപക് കുമാര്‍ എന്നിവരെ വെറുതെവിട്ടുകൊണ്ട് കൊട്ടാരക്കര അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി സന്ദീപ് കൃഷ്ണ. വി ആണ് ഉത്തരവിറക്കിയത്. ദല്‍ഹി കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലുള്ള പ്രതികളും കൂട്ടാളികളും ബൈക്കിലും കാറിലുമായി എത്തി 2019 സെപ്തംബര്‍ 28ന് കൊല്ലം ജില്ലയിലെ തലവൂര്‍ക്കോണം ഉള്‍പ്പെടെ ഏഴു സ്ഥലങ്ങളില്‍ തോക്ക് ചൂണ്ടി സ്വര്‍ണ്ണമാല കവര്‍ന്നെടുത്തു എന്നതായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ സുരേഷ് കുമാര്‍ നായര്‍, നോബിള്‍.കെ. ജോര്‍ജ്, വര്‍ഗ്ഗീസ് ജാന്‍ യേശുദാസ് എന്നിവര്‍ കേടതിയില്‍ ഹാജരായി.
വിധിയില്‍ പോലീസിന്റെ അന്വേഷണ രീതിയെയും ആവശ്യമായ തെളിവ് ശേഖരിക്കാത്തതിനേയും കാല താമസത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെളിവ് ഹാജരാക്കുന്നതിലും, കേസ് തെളിയിക്കുന്നതിലും പരാജയപ്പെട്ടതോടെ ദല്‍ഹി സ്വദേശികളായ സാത്തെ എന്ന് വിളിക്കുന്ന സത്യ പ്രകാശ്, സുരേന്ദ്രര്‍ ബണ്ടി, അമിത്കുമാര്‍, ദീപക് കുമാര്‍ എന്നിവരെ കോടതി കുറ്റ വിമുക്തരാക്കുകയായിരുന്നു. പ്രതികളെ കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ പോലീസിനായില്ല.
മോഷണം സംബന്ധിച്ച് രാവിലെ 9.45ന് പോലീസിന് വിവരം ലഭിച്ചിട്ടും അപ്പോള്‍ തന്നെ പ്രതികളെ പിടികൂടാന്‍ ശ്രമം ആരംഭിക്കേണ്ടിയിരുന്ന പോലീസ് അത് ചെയ്തില്ല. സംഭവം അറിഞ്ഞിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് 9 മണിക്കൂര്‍ കാലതാമസം ഉണ്ടായി. ഒരിടത്തുപോലും സാക്ഷികളെ കാണിച്ച പ്രതികളുടെ ഫോട്ടോ സംബന്ധിച്ച് പരാമര്‍ശം ഇല്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് അകാരണമായ കാലതാമസം ഉണ്ടായി. പ്രതി സത്യ പ്രകാശ് തൊണ്ടി മുതല്‍ വിറ്റ് പണം കൈപ്പറ്റിയതിനെപ്പറ്റി പറഞ്ഞിട്ടും മോഷണ വസ്തുവായ തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ പോലീസ് യാതൊരു ശ്രമവും നടത്തിയില്ല. പ്രമാദമായ തോക്ക് ചൂണ്ടി കവര്‍ച്ചയില്‍ പ്രതി തോക്ക് ചൂണ്ടിയതായി തെളിയിക്കാനെ സാധിച്ചില്ല എന്നും വിധി പരാമര്‍ശമുണ്ടായി. എഴുകോണ്‍ എസ്എച്ച്ഒ ശിവപ്രകാശ്, അന്നത്തെ എസ്ഐ ആയിരുന്ന ബാബു കുറുപ്പ്, ഗ്രേഡ് എസ്ഐ ഉണ്ണികൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പും അന്വേഷണവും നടന്നത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇതേ പ്രതികള്‍ ഉള്‍പ്പെട്ട സമാനമായ മോഷണ കേസ് ഇനി വിചാരണയ്ക്കായി ഇരിക്കുന്നുണ്ട്.