കരുനാഗപ്പള്ളി . ഇരുചക്ര വാഹന മോഷണ സംഘത്തിലെ പ്രതികള്‍ പോലീസ് പിടിയില്‍. ഓച്ചിറ കന്നേല്‍ വീട്ടില്‍ അശ്വിന്‍ (22), ചിറ്റുമൂല താമരശ്ശേരി വീട്ടില്‍ മുഹമ്മദ് കുഞ്ഞ്(48), തൊടിയൂര്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ്(22), എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ 4-ാം തീയതി കോട്ടക്കുഴി ജംഗ്ഷനില്‍ നിന്നും വടക്കുംതല സ്വദേശി രാഹുല്‍ കൃഷ്ണയുടെ ബൈക്ക് മോഷ്ടിച്ച് വില്‍പ്പന നടത്തിയതിനാണ് പ്രതികള്‍ പോലീസ് പിടിയിലായത്. ആക്രി പെറുക്കി ജീവിക്കുന്ന ഇവര്‍ മോഷണം ചെയ്യാന്‍ പാകത്തിനുള്ള ഇരുചക്ര വാഹനങ്ങള്‍ നോക്കി വച്ച ശേഷം തക്കം കിട്ടുമ്പോള്‍ മോഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പോലീസ് പിടിയിലായത്.
ഇവര്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചതായി സംശയിക്കുന്നു. മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങള്‍ ആക്രിക്കടകളില്‍ എത്തിച്ച് പൊളിച്ച് വില്‍ക്കുകയാണ് ഇവരുടെ രീതി. ബൈക്ക് മോഷണം പോയതായി മനസ്സിലാക്കിയ രാഹുല്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു വി യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, ശരത്ത് ചന്ദ്രന്‍, സിപിഒ മാരായ ഹാഷിം, ബഷീര്‍, അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.