കരുനാഗപ്പള്ളി. അതിരൂക്ഷമായ വെള്ളക്കെട്ടിനിടയാക്കി മനുഷ്യനിര്‍മ്മിത തടയണകള്‍. മഴ ശക്തി ആര്‍ജ്ജിച്ചതോടെ പള്ളിക്കലാറുമായി ബന്ധപ്പെട്ട വട്ടക്കായലിന്‍റെ തീരത്തെ പലജനവാസ കേന്ദ്രങ്ങളും മുങ്ങി. ഇടറോഡുകള്‍ മുങ്ങിയത് യാത്ര ദുഷ്കരമാക്കി. മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ചെറു വാഹനങ്ഹള്‍ കൂടുതലായി പോകുന്ന കാലിത്തീറ്റ ഫാക്ടറിമുക്ക്- കല്ലേലിഭാഗം റോഡ് വെള്ളത്തില്‍ മുങ്ങിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
കന്നേറ്റിയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിനായി നിർമ്മിച്ച തടയണ
-.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കന്നേറ്റിയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിനായി നിർമ്മിച്ച തടയണ ആണ് പള്ളിക്കൽ ആറിലെ ജലം സുഗമമായി ഒഴുകിപ്പോകുന്നതിനു് തടസ്സമായി തീർന്നത്. കന്നേറ്റി പാലത്തിൻ്റെ വടക്കുഭാഗത്തും പള്ളിക്കലാറിൻ്റെ പരിസരങ്ങളിലും ഉള്ള വീടുകളിലും കല്ലേലി ഭാഗത്തെ നിരവധി വീടുകളിലും വെള്ളം കയറിയത് ഇതുമൂലമാണ്. ശാസ്താംകോട്ട റോഡില്‍ ചന്തഭാഗത്ത് നിര്‍മ്മിച്ച തടയണയും പ്രശ്നമായി. ഇത് ഇന്നലെ മുറിച്ചുവിട്ടു.
കല്ലേലിഭാഗത്ത് ദുരിതാശ്വാസക്യാമ്പും പ്രവർത്തനം തുടങ്ങി. മഴവെള്ള പ്രശ്നം രൂക്ഷമായതോടെ ദേശീയപാതയുടെ കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി അധികൃതർ സ്ഥലത്തെത്തി തടയണയുടെ ഭാഗങ്ങൾ നീക്കംചെയ്ത് ജലം ഒഴുക്ക് സുഗമമാക്കിയതോടെയാണ് വെള്ളക്കെട്ട് ഒഴിവായി തുടങ്ങിയത്. സംഭവം അറിഞ്ഞ് സി.ആർ മഹേഷ് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.