കുന്നത്തൂർ പഞ്ചായത്തിലെ ജനകീയഹോട്ടലിന്റെ പ്രവർത്തനം നിലച്ചത് സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നു

Advertisement

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നിലച്ചത് സാധാരണക്കാർക്ക് ഇരുട്ടടിയാകുന്നു.കൊട്ടാരക്കര പ്രധാന പാതയിൽ കുന്നത്തൂർ ഗുരുമന്ദിരം ജംഗ്‌ഷനു സമീപമാണ് ഹോട്ടൽ പ്രവർത്തിച്ചു വന്നിരുന്നത്.എന്നാൽ രണ്ട് മാസമായി ഹോട്ടലിന്റെ പ്രവർത്തനം നിലച്ചിരിക്കയാണ്.യാതൊരു മുന്നറിയിപ്പും കൂടാതെയാണ് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിന്റെ പ്രവർത്തനം അവസാനിപ്പിച്ചത്.ഇത് മൂലം സ്ഥിരമായി ഭക്ഷണം കഴിക്കാൻ എത്തിയിരുന്നവരടക്കം വലയുകയാണ്.

തിരക്കേറിയ പാതയോരത്ത് പ്രവർത്തിച്ചിരുന്നതിനാൽ ഇതു വഴിയുള്ള സ്വകാര്യ ബസ് ജീവനക്കാരും മറ്റ് യാത്രക്കാരുമെല്ലാം ജനകീയ ഹോട്ടലിനെയാണ് ആശ്രയിച്ചിരുന്നത്.മികച്ച വരുമാനവും ലഭിച്ചിരുന്നു.അതിനിടെ നിലവിൽ ഹോട്ടൽ പ്രവർത്തിച്ചിരുന്ന കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒഴിയുകയായിരുന്നുവെന്നും പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പുതിയ കെട്ടിടത്തിൽ അധികം വൈകാതെ പ്രവർത്തനം പുനരാരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.