ക്ളാപ്പനയില്‍ വയല്‍നികത്തു സംഘം സിപിഎം നേതാവിനൊപ്പം സിപിഎം നേതാവിന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി

Advertisement

ഓച്ചിറ.ക്ലാപ്പനയിൽ മണ്ണു മാഫിയയുടെ വീട് കയറി ഭീഷണി: പിന്നിൽ ആലപ്പുഴയിലെ സിപിഎം നേതാവ് എന്ന് ആരോപണം.
വ്യാപകമായ വയൽ നികത്തുന്നതിലൂടെ വിവാദമായ ക്ലാപ്പനയിൽ ഇത് സംബന്ധിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റിടുകയും അധികർക്ക് പരാതി നൽകുകയും ചെയ്ത മുതിർന്ന സിപിഎം പ്രവർത്തകന്റെയും വനിതാ നേതാവിന്റെയും വീട്ടിൽ മണ്ണു മാഫിയ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പോലീസ് അധികൃതർക്കും ഉൾപ്പെടെ വീട്ടുകാർ പരാതി നൽകി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പഞ്ചായത്ത് ഭരണം കയ്യാളുന്ന സിപിഎമ്മിനെ പ്രതിക്കൂട്ടിൽ ആക്കി ഏറെ നാളുകളായി നടന്നുവരുന്ന വ്യാപകമായ നിലംനികത്തലിന് പിന്നിൽ ആലപ്പുഴ ജില്ലയിൽ ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന ഒരു വിഭാഗം സിപിഎം പ്രവർത്തകരായ മണ്ണ് മാഫിയ സംഘത്തിന് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെ പാര്‍ട്ടിയില്‍ ഉയർന്നിരുന്നു. വയൽ നികത്തലിനെതിരെ കോൺഗ്രസും സിപിഐയും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും സിപിഎം ഇക്കാര്യത്തിൽ ഇതുവരെ നിലപാട് സ്വീകരിച്ചിരുന്നില്ല. കരുനാഗപ്പള്ളി ഏരിയയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ പിന്തുണയോടുകൂടിയാണ് ക്ലാപ്പനയിലെ പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ച് വ്യാപകമായ വയൽ നികത്തൽ കൊട്ടേഷൻ സംഘങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. എൽ. ഡി.എഫ് പഞ്ചായത്ത് ഭരണം കയ്യാളുന്ന സിപിഐക്കാരനായ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎമ്മിന്റെ പഞ്ചായത്ത് അംഗത്തിന്റെ വാർഡിൽ തന്നെ നികത്തിയ വയലിൽ കൊടി കുത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ കൊടി നിർബന്ധിപ്പിച്ച് സിപിഐ നേതൃത്വത്തെ കൊണ്ട് ഊരിച്ചതായും പിന്നീട് പ്രതിഷേധം ഉയർന്നതോടെ സിപിഐക്കാർ തന്നെ കൊടി വീണ്ടുംസ്ഥാപിച്ചതായും ആക്ഷേപമുണ്ട്.

ഇതിനിടെയാണ് മണൽ മാഫിയയ്ക്കെതിരെ റവന്യൂ മന്ത്രിക്ക് പരാതി നൽകിയ സിപിഎം അംഗവും മഹിളാ അസോസിയേഷൻ നേതാവും ഉൾപ്പെടുന്ന വീട്ടിൽ കഴിഞ്ഞദിവസം പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിൽ എത്തിയ സംഘം അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്. ഈ സമയം വീടിനുള്ളിൽ പഴയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുതിർന്ന പാർട്ടി പ്രവർത്തകനുമായിരുന്ന വയോധികനായ ഇവരുടെ പിതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനിയും പരാതിയുമായി മുന്നോട്ടു പോയാൽ അപായപ്പെടുത്തി കളയും എന്നുള്ള ഭീഷണി മുഴക്കിയാണ് സംഘം പോയതെന്ന് പറയുന്നു. സി.പി.എമ്മിൽ ക്ലാപ്പന പടിഞ്ഞാറ് നിലനിൽക്കുന്ന രൂക്ഷമായ വിഭാഗീതയിൽ മേൽക്കയ്യുള്ള വിഭാഗമാണ് ആലപ്പുഴയിലുള്ള സംഘവുമായി ചേർന്ന് വയൽ നികത്തലിന് നേതൃത്വം കൊടുക്കുന്നതെന്ന ആരോപണമാണ് മറുപക്ഷം ഉയർത്തുന്നത്. ഇവർ ഇക്കാര്യം ഉന്നയിച്ച് ഉന്നത നേതൃത്വത്തെ സമീപിച്ചെങ്കിലും കരുനാഗപ്പള്ളി ഏരിയയിലെ മുതിർന്ന ചില നേതാക്കളുടെ പിന്തുണ മറു പക്ഷത്തിനുണ്ട്. വയൽ നികത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം പ്രതിഷേധവുമായി രംഗത്തുവരണം എന്ന ആവശ്യം അണികളിൽ മഹാഭൂരിപക്ഷവും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഏരിയ നേതൃത്വം ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. എന്നാൽ മണൽ മാഫിയയിലെ ഒരു വിഭാഗം വീടുകയറി ഭീഷണിപ്പെടുത്തിയ സംഭവത്തോടെ സംഭവത്തെ ഗൗരവത്തോടെ കാണാൻ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു. ഏതാനും സി.പി.എം നേതാക്കൾക്കെതിരെ ശക്തമായ അച്ചടക്ക നടപടി ഉൾപ്പെടെ വേണമെന്ന ആവശ്യവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വയൽ നികത്തൽ പ്രശ്നം ക്ലാപ്പനയിലെ ഭരണകക്ഷിക്കുള്ളിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് സാധ്യത.