പത്തനാപുരത്ത് സ്വകാര്യ തോട്ടത്തിലെ വൈദ്യുതിവേലിതട്ടി കാട്ടാന ചരിഞ്ഞു

Advertisement

പത്തനാപുരം. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വൈദ്യുതി കമ്പിയിലൂടെ ഷോക്കടിച്ച് പത്തനാപുരത്ത് കാട്ടാന വീണ്ടും  കൊല്ലപ്പെട്ടു. പത്തനാപുരം റേഞ്ചില്‍  ചാലിയാക്കരയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് പതിനഞ്ച് വയസ് പ്രായം തോന്നിക്കുന്ന  കൊമ്പനെ ഷോക്കേറ്റു ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനപാലകരാണ് രണ്ട്  ദിവസത്തോളം പഴക്കം വരുന്ന മൃതദേഹം കണ്ടത്‌. അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചങ്ങപ്പാറ കമ്പിലൈൻ ഭാഗത്താണ് കാട്ട്കൊമ്പന്റെ ജഡം കണ്ടെത്തിയത് . പ്രതി അംമ്പനാർ ചാങ്ങാപ്പാറ കൈലാസം വീട്ടിൽ സ്വാമി എന്ന് വിളിക്കുന്ന സൗമ്യൻ കുറ്റം സമ്മതിച്ച് വനംവകുപ്പ് ഓഫീസില്‍ കീഴടങ്ങി.

പത്തനാപുരം റേഞ്ചിൽ സമാനരീതിയിൽ രണ്ടാമത്തെ കൊമ്പനാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ ചരിയുന്നത്. പുന്നല കടശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 25 വയസ് തോന്നിക്കുന്ന കൊമ്പൻ ചരിഞ്ഞിരുന്നു. സംഭവത്തിൽ മൂന്ന് പേരെ  അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. വന്യമ്യഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന്റെ പേരിൽ വൈദ്യുതി കടത്തിവിട്ട് മ്യഗ വേട്ട നടത്തുന്നതായും ആക്ഷേപമുണ്ട്. ചാങ്ങപ്പാറയിൽ ആന ചരിഞ്ഞ കേസിലെ പ്രതി സൗമ്യൻ മുൻപ് കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. ചരിഞ്ഞ കാട്ടാനയുടെ ജഡം ഇന്ന്  പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും.

Advertisement