ശാസ്താംകോട്ട . ശാസ്താംകോട്ട ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമര അഴിമതികേസിൽ പുതിയ കൊടിമരത്തിന് ഉത്തരവിട്ട് കേരള ഹൈ കോടതിയുടെ ഡിവിഷൻബെഞ്ച്.ശാസ്താംകോട്ട ക്ഷേത്രത്തിലെ ഉപദേശകസമിതി പ്രസിഡന്റ് രാജേന്ദ്രൻപിള്ള, സെക്രട്ടറി പങ്കജാക്ഷൻപിള്ള എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
കൊടിമര നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ശാസ്താംകോട്ട സ്വദേശി മണികണ്ഠൻ നൽകിയ ഹർജിയും, കൊടിമരം നിർമ്മിക്കുന്ന സമയത്തെ ഉപദേശക സമിതി പ്രസിഡന്റ് എം വി അരവിന്ദാക്ഷൻ നായർ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ എന്നിവർ നൽകിയ ഹർജികളും ഇതോടൊപ്പം കോടതി പരിഗണിച്ചു. എന്നാൽ കൊടിമര നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും, വിജിലൻസ് കോടതിയിലെ കേസിലെ ഫൈനൽ ഉത്തരവ് പരിശോധിക്കണമെന്നും,കൊടിമരത്തിന്റെ പറകൾ പ്ലേറ്റ് ചെയ്യാതെ സ്വർണം ഇട്ട് തന്നെ തനതായ രീതിയിൽ കൊടിമരം നിർമ്മിക്കണമെന്നും, ഭക്തജനങ്ങളുടെ കയ്യിൽ നിന്ന് സാമ്പത്തിക സമാഹരണം നടത്തരുതെന്നുമാണ് മണികണ്ഠൻ നൽകിയ ഹർജിയിൽ പറയുന്നത്, എന്നാൽ ഇതൊന്നും നിലവിലെ സാഹചര്യത്തില്‍ അംഗീകരിക്കാൻ ദേവസ്വംബോർഡ് തയ്യാറായിട്ടില്ല.
എന്നാൽ കൊടിമരത്തിന് ആവശ്യമായ തേക്കിൻതടി എണ്ണത്തോണിയിൽ ഇട്ടിരിക്കുന്നതിനാൽ തടി നശിച്ചു പോകുമെന്നും അതിനാൽ ഉടനെ തന്നെ ചെമ്പ് പറകൾ ഉപയോഗിച്ച് കൊടിമരം സ്ഥാപിക്കണമെന്നുമാണ് നിലവിലെ ഉപദേശകസമിതി ഹർജിയിൽ പറയുന്നത്.ഭക്തരുടെ പ്രതിനിധികളായിട്ടാണ് ഉപദേശകസമിതിയെ കാണുന്നതിനാലാണ് ഇത്തരം ഒരു ഉത്തരവ് കോടതി പുറപ്പെടുവിപ്പിച്ചത്. ഉപദേശകസമിതി നൽകിയ പുതിയ ഹർജിയിൽ ദേവസ്വം ബോർഡ് മാത്രം ആയിരുന്നു എതിർകക്ഷികൾ.ദേവസ്വം ബോർഡിനും സ്വർണക്കൊടിമരത്തിനോട് താല്പര്യം ഇല്ലാത്തതിനാൽ ചെമ്പ് കൊടിമരത്തിന് തന്നെയാണ് ബോർഡും തീരുമാനിച്ചത്.
എന്നാൽ ഒരുകോടി അറുപത്തിയഞ്ച് ലക്ഷം രൂപയിൽ നിർമ്മിച്ച സ്വർണ കൊടിമരത്തിനും ബാക്കി ദേവസ്വത്തിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിനും,പലവിധ പരിശോധനകൾക്കായി ദേവസ്വം സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പറകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.
കൊടിമര വിഷയത്തില്‍ ഒരു ദശാബ്ദത്തിലേറെയായി നടക്കുന്ന തര്‍ക്കമാണ് പഴയരീതിയില്‍ ചെമ്പുകൊടിമരം നിര്‍മ്മിച്ച് അവസാനിപ്പിക്കുന്നത്.