വയൽ നികത്തൽ വിവാദം: ക്ലാപ്പനയിൽ സിപിഎം നേതാക്കൾ തമ്മിൽ സംഘർഷം

Advertisement

കരുനാഗപ്പള്ളി . ക്ലാപ്പനയിലെ വ്യാപകമായ വയൽ നികത്തൽ വിവാദത്തെ തുടർന്ന് സിപിഎം നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത സംഘർഷത്തിൽ കലാശിച്ചു. ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജേഷ്, വയൽ നികത്തൽ മാഫിയയ്ക്ക് നേതൃത്വം നൽകുന്നതെന്ന് എതിർപക്ഷം ആരോപിക്കുന്ന ആലപ്പുഴ ജില്ലയിലെ പുതുപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗം സിബി, ഡിവൈഎഫ്ഐ നേതാവ് അനീഷ് എന്നിവരുടെ നേതൃത്വത്തിൽ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗവും അധ്യാപികയുമായ ധന്യ, ഭർത്താവും പാർട്ടി അംഗവും പാലിയേറ്റീവ് പ്രവർത്തകനുമായ ജയകുമാർ എന്നിവരെ ആക്രമിച്ചതായാണ് പരാതി. ക്രമത്തിൽ പരിക്കേറ്റ ഇവർ ഓച്ചിറ പോലീസിൽ പരാതി നൽകി. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ക്ലാപ്പന പടിഞ്ഞാറ് കേന്ദ്രീകരിച്ച് സിപിഎം നേതൃത്വത്തിന്റെ വ്യാപകമായി വയൽ നികത്തൽ നടക്കുന്നത് വിവാദമായിരുന്നു. ഇതിനെതിരെ കോൺഗ്രസും സിപിഐയും പരസ്യമായി രംഗത്ത് വന്നെങ്കിലും സിപിഎം നേതൃത്വം മൗനം പാലിക്കുകയായിരുന്നു. വയൽ നികത്തുന്നതിന് നേതൃത്വം നൽകുന്നത് ആലപ്പുഴ ജില്ലയിലെ പുതുപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗം സിബിയും, ക്ലാപ്പനപടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയെ നയിക്കുന്ന ഏതാനും നേതാക്കളുമാണെന്ന ആരോപണം എതിർപക്ഷം ഉയര്‍ത്തിയിരുന്നു. വയൽ നികത്തലിനെതിരെ അക്രമത്തിന് ഇരയായ ധന്യയുടെ പിതാവും മുൻ ബ്രാഞ്ച് സെക്രട്ടറിയും കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ നേതാവും വിശ്വകർമ്മ സഭയുടെ സംസ്ഥാന ഭാരവാഹികമായ ആലുംപീടിക സുകുമാരൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ സിബിയുടെ നേതൃത്വത്തിൽ ഒരു സംഘം കഴിഞ്ഞ ദിവസം ആലുംപീടികയിലെ വീട്ടിലെത്തി സുകുമാരനെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയി. ഇത് സംബന്ധിച്ച് ഓച്ചിറ പോലീസിലും മുഖ്യമന്ത്രിയും ഡിജിപിയും ഉൾപ്പെടെയുള്ള അധികൃതർക്കും പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസ് കേസ് എടുത്തിരുന്നു. ഇതിൽ പ്രകോപിതനായ സിബി കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ആലുംപീടികയിൽ എത്തുകയും വിജേഷിന്റെ നേതൃത്വത്തിൽ ജയകുമാറുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

വഴക്കുണ്ടായതിനുശേഷം തിരികെ പോയ സിബി ഏതാനും ഗുണ്ടകളുമായി തിരികെയെത്തി ആയുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയതായി ജയകുമാർ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ ക്ലാപ്പന പടിഞ്ഞാറ് കേന്ദ്രീകരിച്ച് നടക്കുന്ന വ്യാപക വയൽ നികത്തലിനെതിരെ സിപിഎം പ്രത്യക്ഷ സമരം ആരംഭിക്കണമെന്ന അഭിപ്രായം പാർട്ടി അംഗങ്ങൾക്കിടയിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ ഏരിയാ നേതൃത്വത്തിലെ ചില മുതിർന്ന നേതാക്കൾ ഇടപെട്ട് സിപിഎമ്മിന്റെ പ്രതിഷേധം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. എങ്കിലും വിവാദം ചർച്ചയായതോടെ ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കുഞ്ഞിച്ചന്തുവിനോട് അവധിയിൽ പ്രവേശിക്കാൻ നേതൃത്വത്തിൽ ചിലർ നിർദ്ദേശിച്ചിരുന്നു.ഇതനുസരിച്ച് കഴിഞ്ഞദിവസം കുഞ്ഞിച്ചന്തു അവധിയിൽ പോവുകയും പകരം വിജേഷിന് ചുമതല കൈമാറുകയുമായിരുന്നു. ഇതിൽ ക്ലാപ്പന പടിഞ്ഞാറത്തെ സിപിഎം നേതൃത്വത്തിൽ പെട്ടവർ പരാതിക്കാരോട് കടുത്ത അമർഷത്തിൽ ആയിരുന്നു.

വയൽ നികത്തലിന് ഉപയോഗിച്ചിരുന്ന ലോറികൾ സിബിയുടെയും കുഞ്ഞിചന്തുവിൻ്റെയും ഉടമസ്ഥതയിലുള്ളതാണെന്ന് എതിർപക്ഷം ആരോപിക്കുന്നു. ഇതിനിടയാണ് ഞായറാഴ്ച വൈകിട്ട് പ്രശ്നങ്ങൾ സംഘർഷത്തിൽ കലാശിച്ചത്. ഇതോടെ നികത്തിലുമായി ബന്ധപ്പെട്ട വിഷയം സിപിഎമ്മിനുള്ളിൽ ഒതുങ്ങി നിൽക്കാതെ തെരുവിലേക്ക് എത്തിയിരിക്കുകയാണ്. ഇതുവരെ ഇടപെടാതിരുന്ന ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നാണ് അറിയുന്നത്. ഇന്നും നാളെയുമായി ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും പ്രശ്നം ചർച്ച ചെയ്തേക്കും.