നല്ല ചികില്‍സ കായംകുളത്ത് തരാം,ക്ളാപ്പന വയല്‍നികത്ത് പരാതിയെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ് കരുനാഗപ്പള്ളി ആശുപത്രിയിലായിരുന്ന സിപിഎം നേതാവിനെ കായംകുളം പൊലീസ് ആശുപത്രിയില്‍നിന്നും പൊക്കികൊണ്ടുപോയി

Advertisement

വയൽ നികത്ത് വിവാദത്തിൽ വമ്പൻ ട്വിസ്റ്റ്: കൊല്ലം ആലപ്പുഴ ജില്ലകളിലെ സിപിഎം നേതാക്കളുടെ ഒത്താശയോടെ നടന്നുവന്ന വയല്‍ നികത്ത്, ചേരി തിരിഞ്ഞ് അടിയിലും പൊലീസ് കേസിലുമായിട്ടും നേതൃത്വം അറിഞ്ഞമട്ടില്ല


കരുനാഗപ്പള്ളി.മണ്ണ് മാഫിയക്ക് വേണ്ടി കായംകുളം പോലീസ് പരാതിക്കാരനെ ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്തു. ക്ലാപ്പന പഞ്ചായത്തിൽ വ്യാപകമായി വയൽ നികത്തുന്നതിനെതിരെ പരാതി നൽകിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഉണ്ടായ സംഘർഷത്തിൽ മണ്ണ് മാഫിയയിൽപ്പെട്ട കായംകുളം, പുതുപ്പള്ളി സ്വദേശികളായ സിബി, അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാപ്പനയിലെത്തി പരാതിക്കാരനെയും ഭാര്യയെയും മർദ്ദിച്ച സംഭവത്തിൽ വഴി തിരിവ്. തങ്ങൾക്ക് മർദ്ദനമേറ്റെന്ന് പരാതിയുമായി ഓച്ചിറ പോലീസിൽ മൊഴി നൽകിയ ശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സി.പി.എം അംഗവും പാലിയേറ്റീവ് പ്രവർത്തകനുമായ ജയകുമാറിനെ കായംകുളം പോലീസ് എത്തി ആശുപത്രിയിൽ നിന്ന് രാത്രിയോടെ ബലാൽക്കാരമായി അറസ്റ്റ് ചെയ്തതും വിവാദമാകുന്നു.

ക്ലാപ്പന പടിഞ്ഞാറ് മേഖലയിൽ വയലുകളും നീർചാലുകളും കണ്ടൽ പ്രദേശവും നൂറുകണക്കിന് ലോറികളിൽ മണ്ണ് കൊണ്ടുവന്ന് വ്യാപകമായി അടിച്ചു നികത്തുന്നതിനെതിരെ കോൺഗ്രസും സിപിഐയും ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിലെ ചില നേതാക്കൾക്ക് കൂടി പങ്കുള്ള മണൽ മാഫിയയാണ് വയൽ നികത്തിന് നേതൃത്വം നൽകുന്നതെന്ന് പാർട്ടിയിലെ തന്നെ ഒരു വിഭാഗം ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് വയൽ നികത്തലിനെതിരെ പരാതി നൽകിയ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആലുംപീടിക സുകുമാരന്റെ വീട്ടിലെത്തി ആലപ്പുഴ പുതുപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗമായ സിബി, ഇവിടുത്തെ ഡിവൈഎഫ്ഐ നേതാവ് അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഭീഷണി മുഴക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തത് എന്ന് സുകുമാരനും കുടുംബവും ആരോപിക്കുന്നു.

ആലുംപീടിക സുകുമാരന്റെ മകളും മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമായ ധന്യ ഭർത്താവും സിപിഎം അംഗവുമായ ജയകുമാർ എന്നിവരുമായി ആലപ്പുഴയിൽ നിന്ന് എത്തിയ സംഘം വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ധന്യയും ഭർത്താവ് ജയകുമാറും ഓച്ചിറ പോലീസിൽ പരാതി നൽകിയശേഷം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.എന്നാൽ തന്നെ ആക്രമിച്ചു പരുക്കേൽപ്പിച്ചതായി സിബി നൽകിയ പരാതിയെ തുടർന്ന് രാത്രിയോടെ കായംകുളത്തു നിന്നും എത്തിയ പോലീസ് ജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആലപ്പുഴ പാർട്ടിയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയിൽ ഒരുപക്ഷത്തിനൊപ്പം നിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് മണ്ണ് മാഫിയയുടെ ഭാഗമായ സിബിയും അനീഷും എന്നാണ് ആരോപണം ഉയരുന്നത്. ക്ലാപ്പന പടിഞ്ഞാറ് മേഖലയിൽ വയൽ നികത്തലിന് നേതൃത്വം കൊടുക്കുന്നവരെന്ന ആരോപണം നേരിടുന്ന സിപിഎം നേതാക്കൾക്ക് കരുനാഗപ്പള്ളിയിലെ ചില ഉന്നത പാർട്ടി നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഇവർ ഇരുവരും ചേർന്നാണ് പരാതിക്കാരായ ജയകുമാറിനും കുടുംബത്തിനും എതിരെ സംഘർഷം ഉണ്ടാക്കുകയും ഒടുവിൽ പോലീസ് നടപടിയിലേക്ക് എത്തിക്കുകയും ചെയ്തതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മണ്ണ് മാഫിയ സംഘത്തിന് വേണ്ടി കായംകുളം പോലീസ് പരാതിക്കാരനെ ബലാൽക്കാരമായി അറസ്റ്റ് ചെയ്തു എന്നാണ് മറു പക്ഷത്തിന്റെ ആരോപണം. രണ്ടുദിവസം മുമ്പ് തങ്ങളുടെ വീട്ടിലെത്തി മണ്ണ് മാഫിയ സംഘം ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ജയകുമാറും കുടുംബവും മുഖ്യമന്ത്രിക്കും ഡിജിപി ക്കും ഓച്ചിറ പോലീസിനും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മേൽ ആരോപണ വിധേയനായ പുതുപ്പള്ളിയിലെ സി.പി.എം നേതാവ് സിബിക്കെതിരെ ഓച്ചിറ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മറ്റു നടപടികൾ ഉണ്ടായില്ല. ഇതിനുശേഷമാണ് സംഘർഷം ഉണ്ടാകുന്നതും പരാതിക്കാരനായ ജയകുമാറിനെ തന്നെ അറസ്റ്റ് ചെയ്യുന്ന നടപടിയും ഉണ്ടായിരിക്കുന്നത്.

മണ്ണ് മാഫിയയ്ക്ക് വേണ്ടി സിപിഎമ്മിന്റെ ഒത്താശയോടെ പോലീസ് പ്രവർത്തിക്കുകയാണെന്ന ആരോപണം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നേരത്തെ വ്യാപകമായി വയൽ നികത്തൽ നടന്ന സിപിഎം പഞ്ചായത്ത് അംഗത്തിന്റെ വാർഡിൽ എൽ.ഡി.എഫ് തന്നെ ഭരണ നേതൃത്വം വഹിക്കുന്ന ക്ലാപ്പന പഞ്ചായത്തിന്റെ വൈസ് പ്രസിഡൻ്റും സി പി ഐ നേതാവുമായ സജീവ് ഓണംപിള്ളിയുടെ നേതൃത്വത്തിൽ സിപിഐ പ്രവർത്തകർ നികത്തിയ ഭൂമിയിൽ കൊടികുത്തി പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെ സജീവ് ഓണംപിള്ളിക്കെതിരെയും മണൽമാഫിയയുടെ ഭീഷണി ഉയർന്നിരുന്നു.

Advertisement