ശാസ്താംകോട്ട.സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പാർലമെന്റിൽ പോലും സ്ത്രീകൾക്ക് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നു വെന്ന് മുന്‍ എം എൽ എ ആർ ലതാദേവി പറഞ്ഞു. കേരള മഹിളാസംഘം ശൂരനാട് മണ്ഡലം സമ്മേളനം മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ വിവാഹ പ്രായം നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെട്ടവരിൽ 38 പേരും പുരുഷൻമാരാണ്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതകൾ അംഗങ്ങളായ പാർലമെന്റ് ആയിട്ടു കൂടി ഒരു വനിതയെ പോലും ഉൾപ്പെടുത്തിയില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനോ ഇടപെടുന്നതിനോ പാർലമെന്റിൽ പോലും സ്വാതന്ത്യം നിഷേധിക്കുകയാണ്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രത്തിന്റെ പ്രഥമ വനിതയെ ഒഴിവാക്കിയത് അത്യന്തം അപമാനകരമായ നടപടിയായിരുന്നു. ഹിന്ദു സന്യാസിമാരെ കൊണ്ട് പൂജ ചെയ്യിച്ചതു വഴി രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഇല്ലായ്മ ചെയ്തു. രാജ്യത്ത് ഒരിക്കലും ഇല്ലാത്ത നിലയിൽ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരികയാണ്. ലോകത്തിന് തന്നെ അപമാനകരമായ നിലയിലേക്ക് ഇന്ത്യയിൽ സ്ത്രീകൾ അക്രമിക്കപെട്ടിട്ടും ഭരണാധികാരികൾ നോക്കിനിൽക്കുകയാണെന്നും അവർ കൂട്ടി ചേർത്തു. കെ സി സുഭദ്രാമ്മ, അനിത പ്രസാദ്, ജിഷാകുമാരി, ഷീജാ ബീഗം എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മ ലാലി, സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ,ആർ അനീറ്റ , എസ് അനിൽ, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി ആർ സുന്ദരേശൻ, കെ ദിലീപ്, എം വിജയകൃഷ്ണൻ , അബ്ദുൾ റഷീദ്, എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ ആർ രഞ്ജു സ്വാഗവും റജീന അജിത് നന്ദി പറഞ്ഞു