ഒന്നര വയസ്സുള്ള കുഞ്ഞിന് മാതാപിതാക്കളുടെ ക്രൂര മര്‍ദ്ദനം; മദ്യലഹരിയില്‍ കുഞ്ഞിനെ എടുത്ത് എറിഞ്ഞതായി പരാതി

Advertisement

കൊല്ലം: കുറുവന്‍ പാലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിന് മാതാപിതാക്കളുടെ മര്‍ദ്ദനം. മദ്യലഹരിയില്‍ മാതാപിതാക്കള്‍ കുഞ്ഞിനെ എടുത്ത് എറിഞ്ഞതായാണ് പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒന്നരവയസുകാരിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അച്ഛനെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം നടക്കുന്നത്. കുറുവന്‍ പാലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മുരുകന്‍ ഭാര്യ മാരിയമ്മയും മദ്യപിക്കുന്നതിനിടയില്‍ ഇവര്‍ക്കിടയിലേക്ക് വന്ന കുഞ്ഞിനെ എടുത്ത് പുറത്തേക്കെറിഞ്ഞുവെന്നാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുക പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.
കുഞ്ഞിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും പോലീസ് അറിയിച്ചു.