കുന്നത്തൂർ. വഴി നടക്കാൻ സ്വകാര്യ വ്യക്തി അനുവദിക്കാത്തതിനെ തുടർന്ന് കുന്നത്തൂർ പതിനൊന്നാം വാർഡിലെ അഞ്ച് പട്ടികജാതി കുടുംബങ്ങൾ വലയുന്നു.
ഇവർക്കൊപ്പം മറ്റ് നിരവധി വീടുകളും ഈ ഭാഗത്ത് വഴിയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.മാനാമ്പുഴ പറപ്പള്ളിൽ – തെങ്ങുംപ്പിള്ളിൽ ഏലായോട് ചേർന്ന് കിടക്കുന്ന റോഡിൽ നിന്നും 200 മീറ്റർ അകലെയാണ് ഇവർ താമസിക്കുന്നത്.
പഞ്ചായത്ത് റോഡിൽ നിന്നും സ്വകാര്യ വ്യക്തിയുടെ തരിശ് കിടക്കുന്ന ഭൂമിയിൽ കൂടിയാണ് 50 വർഷക്കാലമായി സഞ്ചരിച്ചു കൊണ്ടിരുന്നത്.2006 ൽ ഈ ഭൂമി മറ്റൊരു വ്യക്തി വാങ്ങിയതു മുതലാണ് സഞ്ചാര മാർഗ്ഗം അടയ്ക്കപ്പെട്ടത്.വഴി കെട്ടിയടച്ചതോടെ പുറം ലോകത്തേക്ക് എത്താനുള്ള ഏക മാർഗം അടഞ്ഞു.തുടർന്ന് വസ്തു ഉടമ ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ കേസ്സ് ഫയൽ ചെയ്യുകയും ചെയ്തു.പിന്നീട് ഇവർ നടവഴിയിൽ ലോഡ് കണക്കിന് കൂറ്റൻ പാറ ഇറക്കിയിട്ടു.
ഇതോടെ കശുവണ്ടി തൊഴിലാളികളും കൂലിപ്പണിക്കാരുമായ സാധാരണക്കാർക്ക് ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല.കുട്ടികൾക്ക് സ്കൂളിൽ പോകണമെങ്കിൽ പാറമുകളിൽ കയറാനുള്ള അഭ്യാസമറിയണം.ഗർഭിണികളും രോഗികളും വൃദ്ധരുമാണ് വലയുന്നവരിൽ ഏറെയും.വഴിക്ക് പകരമായി വിലയോ ഇരട്ടി ഭൂമിയോ നൽകാമെന്ന് വസ്തു ഉടമയ്ക്ക് മുമ്പിൽ ഈ പാവങ്ങൾ നിർദ്ദേശം വച്ചെങ്കിലും ചെവി കൊണ്ടിട്ടില്ല.വീടിന് പുറത്തേക്ക് പോകാൻ വഴി വേണമെന്ന ആവശ്യവുമായി എഴുവിള പുത്തൻ വീട്ടിൽ പാപ്പച്ചൻ റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.