നാട്ടിലെയും സ്‌കൂളിലെയും താരമായി അഞ്ചാം ക്ലാസ്സുകാരി ദുർഗ;അദ്ധ്യാപകക്കൊപ്പം പ്രോത്സാഹനവുമായി മന്ത്രിയും

Advertisement

താമരക്കുളം: ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസനി ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ദുർഗ ഇപ്പോൾ നാട്ടിലെയും സ്‌കൂളിലെയും താരമാണ്.സ്കൂളിലെ സ്റ്റാഫ് റൂമിൽ അധ്യാപകരോടൊപ്പം ഇരുന്ന് പാടിയ പാട്ട് വൈറലായതോടെയാണ് ദുർഗ താരമായത്.ഒടുവിൽ ദുർഗ പാടിയ വീഡിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി അദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്യുകയും ചെയ്തു.സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും ദുർഗ്ഗയുടെ അധ്യാപകനുമായ എൽ.സുഗതൻ പാട്ട് മൊബൈലിൽ റെക്കോർഡ് ചെയ്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

വൈറലായ ഈ പോസ്റ്റ് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം തന്റെ ഫേസ് ബുക്കിൽ ഷെയർ ചെയ്യുകയുമായിരുന്നു.ദിവസങ്ങൾക്ക് മുമ്പ് സ്കൂളിലെ വിശ്രമവേളയിൽ അധ്യാപകർ ദുർഗയെ വിളിച്ചിരുത്തി പാട്ടുകൾ പാടിച്ചിരുന്നു.അതിലെ “അൻപേ വാ ഉൻപേ വാ.”..എന്ന് തുടങ്ങുന്ന തമിഴ് ഗാനമാണ് ഇപ്പോൾ വൈറലായത്.

2500 ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ പ്രവേശനോത്സവ ദിനത്തിൽ തന്നെ ” മഞ്ഞണി പൂനിലാവ് പേരാറ്റിൻ കടവിങ്കൽ “എന്ന തുടങ്ങുന്ന സിനിമാഗാനം സ്റ്റേജിൽ പാടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അന്നവളിലെ
കഴിവ് കണ്ടെത്തിയ അദ്ധ്യാപകർ വീണ്ടും പ്രോത്സാഹിപ്പിക്കുകയായിരുന്നു.
അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ആദ്യത്തെ കന്നഡ ഭാഷയിലെ ചിൽഡ്രൻസ് ഫിലിമായ ‘ലില്ലി ‘ യുടെ മലയാളം ഡബ്ബിങ് സോങ്ങ് പാടാൻ അവസരം ലഭിച്ച ഈ കൊച്ചു കലാകാരിക്ക് വാനമ്പാടി എന്ന പേരിൽ ഒരു യുട്യൂബ് ചാനൽ കൂടി ഉണ്ട്.പഠിക്കാൻ മിടുക്കിയായ ദുർഗ്ഗ ക്രാഫ്റ്റ് വർക്കിലും കഴിവ് തെളിയിച്ചിട്ടുണ്ട്.വാത്തികുളങ്ങര കുഴിക്കാലയിൽ സർവീസ് ബാങ്ക് ജീവനക്കാരൻ രാഗേഷിന്റെയും പള്ളിക്കൽ നടുവിലെമുറി എൽ.പി.എസിലെ അധ്യാപിക ഗീതുവിന്റെയും മകളാണ് ദുർഗ്ഗ. വിദ്യാർത്ഥിയായ ദർശ് സഹോദരനാണ്.