ക്ലാപ്പനയിലെ വയൽ നികത്തൽ വിവാദം: വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി

Advertisement

ഓച്ചിറ .ക്ലാപ്പനയിലെ പടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി നടക്കുന്ന വയൽ നികത്തൽ വിവാദവുമായി ബന്ധപ്പെട്ട് ക്ലാപ്പന വില്ലേജ് ഓഫീസറെ സ്ഥലംമാറ്റി. കഴിഞ്ഞ ദിവസമാണ് ക്ലാപ്പന വില്ലേജ് ഓഫീസർ ബിജുവിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. കുരശേഖരപുരം വില്ലേജ് ഓഫീസർക്കാണ് പുതിയ ക്ലാപ്പന വില്ലേജ് ഓഫീസറായി നിയമനം നൽകിയിരിക്കുന്നത്.

മണൽ മാഫിയയുടെ നേതൃത്വത്തിൽ ക്ലാപ്പനയിലെ വയലുകളും ചതുപ്പ് പ്രദേശങ്ങളും നീർത്തടങ്ങൾ ഉൾപ്പെടെയും വ്യാപകമായി നികത്തുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. പഞ്ചായത്ത് ഭരണം കയ്യാളുന്ന സിപിഎമ്മിനുള്ളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഭവം സംബന്ധിച്ച് തർക്കവും ആരോപണ പ്രത്യാരോപണവും കഴിഞ്ഞ ദിവസം കയ്യാങ്കളിയും നടന്നിരുന്നു. ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മണൽ മാഫിയ സംഘത്തിൽ പെട്ടവരാണ് നികത്തലിന് നേതൃത്വം കൊടുക്കുന്നത് എന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിൻ്റെ ആരോപണം.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയെ തുടർന്ന് പുതുപ്പള്ളി മേഖലയിൽ നിന്നുള്ള ഒരു സംഘം കഴിഞ്ഞദിവസം ആലുംപീടികയിലെത്തി പരാതി നൽകിയ വീട്ടിൽ അതിക്രമത്തിന് മുതിർന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ഓച്ചിറ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ പരാതിക്കാരനായ വ്യക്തിയുടെ മരുമകൻ ജയകുമാറിനെ കായംകുളത്തുള്ള മണൽ കടത്തൽ സംഘത്തിൻ്റെ പരാതിയെ തുടർന്ന് കായംകുളം പോലീസ് എത്തി കസ്റ്റഡിയിലെടുത്തതും വിവാദമായിരുന്നു. എന്നാൽ വ്യാപകമായി നടക്കുന്ന വയൽ നികത്തലിന് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് വില്ലേജ് ഓഫീസർ ഉൾപ്പെടെ ഉള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് എന്ന ആരോപണവും കോൺഗ്രസും സിപിഐയും സിപിഎമ്മിലെ ഒരു വിഭാഗവും ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വില്ലേജ് ഓഫീസറെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയത്.

റവന്യു വകുപ്പ് കൈയാളുന്ന സിപിഐയുടെ ഭാഗത്തു നിന്നുള്ള ശക്തമായ സമ്മർദവും ഇക്കാര്യത്തിൽ ഉണ്ടായതായും പറയപ്പെടുന്നു. വയൽ നികത്തുന്നതിന് നേതൃത്വം നൽകുന്ന മണൽ മാഫിയ സംഘത്തിൽ ഉൾപ്പെട്ടതെന്ന് ആരോപണം ഉയർന്ന ആലപ്പുഴ പുതുപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർക്കെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Advertisement