ഭരണിക്കാവ് ടൗണിലെ ട്രാഫിക് ഐലൻഡിൽ കാഴ്ച മറച്ച് ഫ്ലക്സ് ബോർഡുകൾ, അപകടമാകും പൊലീസ് ഇടപെടണം

Advertisement

ഭരണിക്കാവ്.കുന്നത്തൂർ താലൂക്കിന്റെ സിരാ കേന്ദ്രമായ ഭരണിക്കാവ് ടൗണിലെ ട്രാഫിക് ഐലൻഡിൽ കാഴ്ച മറച്ച് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് ഭീഷണിയാകുന്നു.രണ്ട് ദേശീയ പാതകൾ കടന്നു പോകുന്നതും മറ്റ് പ്രധാന റൂട്ടുകൾ സംഗമിക്കുന്നതുമായ തിരക്കേറിയ ടൗണിൽ സിഗ്നൽ,ഹൈമാസ്റ്റ് എന്നിവ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് ഐലൻഡ് ഭാഗത്താണ് യാതൊരു നിയന്ത്രണവും പാലിക്കാതെ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.രാഷ്ട്രീയ പാർട്ടികളും സംഘടനകളും സ്ഥാപിച്ചിരിക്കുന്ന
ബോർഡുകള്‍ക്കൊപ്പം മരണപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ടുള്ള ബോർഡുകളും നിരവധിയാണ്.കൊടി തോരണങ്ങളും ധാരാളമുണ്ട്.പോലീസിന്റെ ബാരിക്കേഡുകളും ഇവിടെ ഉപേക്ഷിച്ച നിലയിലാണ്.ബോർഡുകൾ വയ്ക്കുന്നവർ പരിപാടി കഴിഞ്ഞാലും അവ മാറ്റാറില്ല.ബോർഡുകൾ കാഴ്ച മറയ്ക്കുന്നതിനാൽ ചക്കുവള്ളി,
ശാസ്താംകോട്ട,കടപുഴ,കൊട്ടാരക്കര,അടൂർ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പാണ്.കഴിഞ്ഞ ദിവസം ഫ്ലക്സ് സ്ഥാപിക്കാൻ എത്തിയവരെ ഫയർഫോഴ്സ് ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും അനുസരിച്ചില്ല.അടിയന്തിരമായി ഇവ നീക്കം ചെയ്യാൻ മോട്ടോർ വാഹന വകുപ്പും പോലീസും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മാത്രമല്ല ഇവിടെ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന പൊലീസിന്‍റെ അറിയിപ്പ് എഴുതി വയ്ക്കണം. രാത്രിയില്‍ ബോര്‍ഡ് സ്ഥാപിച്ചുപോകുന്നവര്‍ക്കെതിരെ നടപടി എടുക്കാനും തയ്യാറാകണം.

Advertisement