പിഎസ്‌സി മേഖല- ജില്ലാ ഓഫീസ്ശിലാസ്ഥാപനം ഇന്ന്

Advertisement

കൊല്ലം. സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ കൊല്ലം മേഖല, ജില്ലാ ഓഫീസുകളും ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രവും ഉള്‍പ്പെടുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ വൈകിട്ട് 4.30ന് കന്റോന്‍മെന്റ് സൗത്തിലെ നാടാര്‍ സംഘം ഹാളില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാകും. പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ എം. ആര്‍. ബൈജു അധ്യക്ഷനാകും.
1972-ല്‍ ജില്ലാ പിഎസ്‌സി ഓഫീസ് അനുവദിച്ചതു മുതല്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 1995-ലാണ് കൊല്ലം മേഖലാ ഓഫീസ് അനുവദിച്ചത്. 2018-ലാണ് മുണ്ടയ്ക്കല്‍ വില്ലേജില്‍ സര്‍ക്കാര്‍ ടിടിഐക്ക് സമീപം 36 സെന്റ് സ്ഥലം കെട്ടിട നിര്‍മാണത്തിനായി വിട്ടുനല്‍കിയത്.

ജില്ലാ-മേഖലാ ഓഫിസുകള്‍ക്ക് പുറമെ 600-ലധികം പേര്‍ക്ക് ഒരേസമയം പരീക്ഷ എഴുതാന്‍ കഴിയുംവിധം ഒരു ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രവും പുതിയ ആറുനില കെട്ടിടത്തില്‍ സജ്ജീകരിക്കാനാണ് ലക്ഷ്യം. 41140 ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക സംവിധാനങ്ങളോടെ കെട്ടിടം പണിയുന്നത്. 12.35 കോടി രൂപയുടെ കരാര്‍ നിര്‍മാണ പ്രവൃത്തികള്‍ക്കായി നല്‍കി. ഇതോടൊപ്പം എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പുതിയ കെട്ടിട നിര്‍മാണത്തിനുള്ള ഭരണാനുമതി ലഭിച്ചു. എന്‍. കെ. പ്രേമചന്ദ്രന്‍ എംപി, എംഎല്‍എമാരായ എം. മുകേഷ്, എം. നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ സെക്രട്ടറി സാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement