പിഎസ് സി യെ ശക്തിപ്പെടുത്താൻ എല്ലാ പിന്തുണയും നൽകും, കെഎൻ ബാലഗോപാൽ

Advertisement

കൊല്ലം. രാജ്യത്തിനാകെ മാതൃകയായ ഒരു പബ്ലിക് സർവ്വീസ് കമ്മീഷനാണ് കേരളത്തിലുള്ളത്.മറ്റു സംസ്ഥാനങ്ങളിൽ പി.എസ്.സി തന്നെ ഇല്ലാതായികൊണ്ടിരിക്കുമ്പോഴാണ് കേരളത്തിൽ മുപ്പതിനായിരത്തിലധികം പ്രതിവർഷ നിയമന ശിപാർശ നടത്തുന്ന പി.എസ്.സി നിലനിൽക്കുന്നത്. ആക്ഷേപ രഹിതമായി ഭരണഘടനാ ചുമതലകൾ നിർവ്വഹിക്കുവാൻ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ആ സ്ഥാപനത്തെ ശക്തിപ്പെടുത്താനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ.കൊല്ലം മേഖലാ, ജില്ലാ ഓഫിസുകൾക്കും ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിനും പുതിയതായി പണിയുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ മൃഗസംരക്ഷരണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി.

മുണ്ടയ്ക്കൽ വില്ലേജിൽ ഗവ: ടി.ടി.ഐക്ക് സമീപം സർക്കാർ അനുവദിച്ച 36 സെൻ്റ് സ്ഥലത്താണ് 41140 ചതുരശ്ര അടി വിസ്തൃതിയിൽ ആറു നില കെട്ടിടം പണിയുന്നത്. അറനൂറോളം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം പരീക്ഷ എഴുതാവുന്ന ഓൺലൈൻ പരീക്ഷാ കേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാവും.

പി.എസ്.സി ചെയർമാൻ ഡോ.എം. ആർ ബൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ്, നിയമസഭാംഗങ്ങളായ എം.മുകേഷ്, എം.നൗഷാദ്, കമ്മീഷനംഗങ്ങളായ ഡോ.സജിലാൽ കെ .പി, ഡോ.ശ്രീകുമാർ.എസ്, രമ്യ.വി.ആർ, പി.എസ്.സി സെക്രട്ടറി സാജു ജോർജ്ജ്, പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ്ങ് എഞ്ചിനീയർ ലൈജു എന്നിവർ ആശംസകളർപ്പിച്ചു. റീജണൽ ഓഫിസർ ബാബുരാജ്.ആർ നന്ദി രേഖപ്പെടുത്തി.

Advertisement