ലഹരി മരുന്ന് വേട്ട,എം ഡി എംഎ യുമായി അഞ്ച് യുവാക്കൾ കുണ്ടറയിൽ പിടിയിൽ

Advertisement

കൊല്ലം. റൂറൽ ശാസ്താംകോട്ട സബ് ഡിവിഷൻ പരിധിയിൽ ലഹരി മരുന്ന് വേട്ട ശക്തമാക്കി പോലീസ് . മാരക മയക്കുമരുന്നായ എം ഡി എംഎ യുമായി അഞ്ച് യുവാക്കൾ കുണ്ടറയിൽ പിടിയിൽ. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ്.

ശാസ്താംകോട്ട സബ് ഡിവിഷനിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തുടർച്ചയായി രണ്ടാം ദിവസമാണ് എം ഡി എം എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ലഹരി മരുന്ന് ഇടപാടുകാരായ പ്രഗിൽ, വിഷണു വിജയൻ, ഷംനാദ്, ഉമർ ഫറൂഖ്, മുഹമ്മദ് സലാഷ് എന്നിവരെ കുണ്ടറ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 86 ഗ്രാം എം ഡി എം എ യാണ് കണ്ടെടുത്തത്. ലഹരി മരുന്ന് വിതരണത്തിന് ആവിശ്യക്കാരെ കാത്ത് കിടക്കുന്നതിനിടയിൽ പോലീസ് സംഘം ഇവരെ വളയുകയായിരുന്നു.

ആദ്യം 17 ഗ്രാം എം ഡി എം എ സ്റ്റാമ്പുകളും പിന്നീട് ഇവരുടെ കാറിൽ നടത്തിയ പരിശോധനയിൽ 65 കവറിലാക്കി ഒളിപ്പിച്ച നിലയിലുള്ള ലഹരി മരുന്നും കണ്ടെത്തുകയായിരുന്നു.കൊല്ലം റൂറൽ ജില്ലയിൽ നടന്ന വലിയ അളവിലുള്ള രാസലഹരി വേട്ടയാണ് ഇതെന്ന് പോലീസ് പറഞ്ഞു. ലഹരി മരുന്ന് ഇടപാടുകാരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുണ്ടറ എസ്.എച്ച്.ഒ . ആർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, അംബരീഷ്, വി.എസ്.ഐ അബ്ദുൾ അസീസ്, സി.പി.ഒ മാരായ മെൽബിൻ, അഭിലാഷ്, രാജേഷ്, അരുൺ വി രാജ്, ദിനേഷ്, അനിൽ, അജിത്കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് വാഹനം പിൻതുടർന്ന് പ്രതികളെ പിടികൂടിയത്.കുണ്ടറ, കണ്ണനല്ലൂർ, എഴുകോൺ തുടങിയ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു പിടിയിലായ സംഘത്തിന്റെ ലക്ഷ്യം. സംഘത്തിലെ കൂടുതൽ ആളുകളെ കേന്ദ്രീകരിച്ചുമുള്ള അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.എം ഡി എം എ വിൽപനയുടെ ഉറവിടവും സാമ്പത്തിക സ്രോതസ്സും കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.ഷെരീഫ് അറിയിച്ചു.