ശാസ്താംകോട്ട : പിതൃക്കളുടെ ആത്മശാന്തിക്കായി ഹൃദയവേദനയോടെ കുന്നത്തൂർ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിൽ ഒരുക്കിയ സ്നാനഘട്ടങ്ങളിൽ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി ആത്മസായൂജ്യം നേടി.
തിങ്കളാഴ്ച പുലർച്ചെ മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വ്രതശുദ്ധിയോടെ
സ്നാനഘട്ടങ്ങളിൽ എത്തിയിരുന്നു.പിതൃ തർപ്പണത്തിനൊപ്പം പിതൃപൂജ,തിലഹവനം എന്നിവയ്ക്കുള്ള സൗകര്യവും എല്ലാ ക്ഷേത്രങ്ങളിലും ഒരുക്കിയിരുന്നു.പുത്തൂർ പാങ്ങോട് താഴം ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രം,കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതി ക്ഷേത്രം,പടിഞ്ഞാറെ കല്ലട തിരുവാറ്റ ക്ഷേത്രം,ശൂരനാട് വടക്ക് കാഞ്ഞിരംകടവ് വില്ലാടസ്വാമി ക്ഷേത്രം,പോരുവഴി കുറുമ്പകര തൃപ്പാദപുരം സ്വയംഭൂ മഹാദേവ ക്ഷേത്രം,കടപുഴ അമ്പലത്തുംഗൽ (പാട്ടമ്പലം) മഹാവിഷ്ണു ക്ഷേത്രം,ഐവർകാല കിഴക്ക് തെറ്റിമുറി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും കർക്കിടക വാവുബലി നടന്നത്.പോരുവഴി കുറുമ്പകര തൃപ്പാദപുരം ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ ആരംഭിച്ച തർപ്പണ ചടങ്ങുകൾക്ക് മേൽശാന്തി ഇടക്കുളങ്ങര മഠം ശ്രീകുമാരൻ തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു.പാങ്ങോട് താഴം ആദിശമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ബ്രഹ്മശ്രീ ശ്രീശൈലം നാരായണൻ നമ്പൂതിരി,ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവരര് സോമയാജിപ്പാട് എന്നിവർ കാർമ്മികത്വം വഹിച്ചു.കടപുഴ അമ്പലത്തുംഗൽ (പാട്ടമ്പലം) മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ നടന്ന ചടങ്ങുകൾക്ക് ഡോ.എം.എസ് ബിജു,മേൽശാന്തി പ്രദീപ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.പടിഞ്ഞാറെ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണത്തിനും തിലഹവനത്തിനും അജി രാമൻ പോറ്റി കാർമ്മികത്വം വഹിച്ചു.കുന്നത്തൂർ കിഴക്ക് കൊക്കാംകാവ് ഭഗവതീക്ഷേത്രത്തിൽ ബ്രഹ്മശ്രീ തൃശൂർ ഉദയൻ പോറ്റി കാർമികത്വം വഹിച്ചു.രാവിലെ മുതൽ അന്നദാനവും ഉണ്ടായിരുന്നു.പള്ളിക്കലാറിന്റെ തീരത്ത് കാഞ്ഞിരംകടവ് വില്ലാടസ്വാമി ക്ഷേത്രത്തിലെ വാവുബലികർമ്മങ്ങൾ രാവിലെ 6ന് ആരംഭിച്ചു.ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് വർഷങ്ങളായി പിതൃതർപ്പണത്തിന് വിലക്കുള്ളതിനാൽ കുന്നത്തൂർ താലൂക്കിലെ മറ്റ് സ്നാനഘട്ടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെപെട്ടത്.സുരക്ഷയുടെ ഭാഗമായി പോലീസ്,ഫയർഫോഴ്സ്,
ആരോഗ്യവകുപ്പ്,മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ സേവനവും ലഭ്യമാക്കിയിരുന്നു.