കൊല്ലത്ത് യുവാവിന്റെ മരണം; അച്ഛനും അമ്മയും സഹോദരനും പോലീസ് കസ്റ്റഡിയില്‍

Advertisement

കൊല്ലം: 21-കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അച്ഛനെയും അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം, ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്ക് സ്വദേശി ആദര്‍ശിനെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെയും അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആദര്‍ശ് ഇന്നലെ അയല്‍ വീട്ടിലെത്തി മദ്യപിച്ച ബഹളം ഉണ്ടാക്കിയിരുന്നു. അച്ഛനും അമ്മയും സഹോദരനും ചേര്‍ന്നാണ് ആദര്‍ശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുകാരോടും ആദര്‍ശ് കയര്‍ത്തു. അതിനിടെ വാക്കത്തി എടുത്ത് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആദര്‍ശിന്റെ അമ്മ നാട്ടുകാരിലൊരാളെ വിവരമറിയിക്കുകയും അയാള്‍ പൊലീസിനെ അറിയിക്കുകമായിരുന്നു. പോലീസെത്തി മൃതദേഹം പരിശോധിച്ചതില്‍ നിന്ന് കൊലപാതകമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.