കൊല്ലം: ജില്ലയിൽ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ നാല് പേർ മരിച്ചു. കൊല്ലം കാവനാട് ആൽത്തറമൂട് ജങ്ഷനിൽ
തെറ്റായ ദിശയിലൂടെയെത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവതിയും യുവാവും മരിച്ചു. ആലപ്പുഴ കാവാലം ചെറുകര ഇത്തിത്തറ സാബുവിന്റെ മകൾ എസ്. ശ്രുതി (25), കോഴിക്കോട് ചിക്കിലോട് നന്മണ്ട മേലേ പിലാത്തോട്ടത്തിൽ അബ്ദുൽ ജമാൽ സാജിദ ദമ്പതികളുടെ മകൻ എ.പി മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.30ഓടെയായിരുന്നു അപകടം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് കൊല്ലത്തുനിന്നും എറണാകുളത്തേക്ക് പോയ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കാവനാട് ബൈപ്പാസ് തുടങ്ങുന്ന ആൽത്തറമൂട് ജങ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബെപ്പാസിലേക്ക് കയറി യൂ ടേൺ എടുത്തു പോകണമെന്നാണ് നിബന്ധന. എന്നാൽ പുലർച്ചെ വാഹനത്തിരക്കില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി ബസ് യു ടേൺ എടുക്കാതെ ദിശ തെറ്റിച്ച് വൺവേയിൽക്കൂടി വന്നതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ പെട്ട ഇവരെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു. യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി നില ഗുരുതമായതെനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുവാന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലും യുവതിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റാനിസാണ് ശ്രുതിയുടെ മാതാവ്. ഗൗരവ് സഹോദരനാണ്. നുഫൈൽ, മുഫ്‌ലിഹ് എന്നിവർ നിഹാലിന്റെ സഹോദരങ്ങളാണ്.
പരവൂർ – പാരിപ്പള്ളി റോഡിൽ കോട്ടു വൻകോണം ക്ഷേത്രത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. പാരിപ്പള്ളി പാമ്പുറം സ്മൃതി നിലയത്തിൽ അനിൽ കുമാർ ലിസി ദമ്പതികളുടെ മകൻ വിഘ്‌നേഷ് (25), പരവൂർ നെടുങ്ങോലം ഒഴുകുപാറ ബി.എസ് ഭവനിൽ സുന്ദരേശൻ പിള്ളയുടെയും ബിന്ദുവിന്റെയും മകൻ സുബിൻ സുന്ദരേശൻ (32) എന്നിവരാണ് മരിച്ചത്. ഒഴുകുപാറ പോളച്ചിറ താഴതിൽ വീട്ടിൽ രാഹുൽ(27) ചിറക്കരത്താഴം ചരുവിള വീട്ടിൽ സുധീൻ (20) ചിറക്കരത്താഴം പുതുവിള വീട്ടിൽ ഷിജിൻ (23) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. എതിരേ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സുബിൻ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. വിഘ്‌നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ശബദം കേട്ട് ഓടി കൂടിയ നാട്ടുകാരും പരവൂരിൽ നിന്നെത്തിയ പൊലിസും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. വിഘ്‌നേഷിന്റെ സഹോദരി ആർദ്ര. സുബിൻ ഐ.ഡി.എഫ്.സി ബാങ്ക് ഉദ്യോഗസ്ഥനാണ്. സുബിന്റെ ഭാര്യ: ശ്രുതി. സഹോദരൻ അബിൻ.