കരുനാഗപ്പള്ളിയിൽ കേരളത്തിൽ പോലീസ് പിടികൂടുന്ന ഏറ്റവും കൂടിയ അളവ് എംഡിഎംഎ യുമായി യുവാവ് പിടിയിൽ

Advertisement

കരുനാഗപ്പള്ളി. മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി നിരവധി കേസിലെ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. ആദിനാട് വില്ലേജിൽ ആദിനാട് തെക്കുമുറി വിഷ്ണു ഭവനത്തിൽ രാധാകൃഷ്ണൻ മകൻ ഉണ്ണി എന്ന വിഷ്ണു(34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ ആദിനാട് തെക്ക്, തണാൽ ജംഗ്ഷനിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണുവിനെ പോലീസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് മയക്ക് മരുന്ന് മാഫിയ സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധം മനസ്സിലാക്കിയ കരുനാഗപ്പള്ളി പോലീസ്, ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. ആറ് വലിയ പാക്കറ്റുകളിലും 240 ചെറിയ പൊതികളിലുമായി വിൽപ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 728.42 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.

വീട്ടിൽ എത്തിയ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ അതിസാഹസികമായാണ് പോലീസ് കിഴ്‌പ്പെടുത്തിയത്. പിടികൂടിയ എം.ഡി.എം.എ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റ് ചെറുകിട വിൽപ്പനക്കാർക്കും വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കൊല്ലം സിറ്റി ആന്റിനർക്കോട്ടിക്ക് ചുമതലയുള്ള ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ മേൽനോട്ടത്തിൽ, കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു.വി, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, എസ്.സി.പി.ഓ രാജീവ്, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.