കരുനാഗപ്പള്ളി. കേരളത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിൽ സൗകര്യം മെച്ചപ്പെട്ടതോടെ ചികിത്സ വൈകുന്നത് ഒഴിവായി. ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് സൗകര്യം വന്നത് ഹൃദ്രോഗ ചികിൽസയിൽ മുന്നേറ്റമുണ്ടാക്കി. ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ കുറവ് ഇതിന്റെ നേട്ടമാണ്. അതിനാൽ സർക്കാർ ആശുപത്രികളുടെ പശ്ചാത്തല വികസനത്തിനാണ് സർക്കാരിന്റെ മുൻഗണന. ആരോഗ്യ രംഗത്തെ നേട്ടങ്ങൾ ഗ്രാമങ്ങളിലും എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെ ഉദ്ഘാടനം എ എം ആരിഫ് എം പിയും
കാൻസർ വാർഡ് ഉദ്ഘാടനം സി ആർ മഹേഷ് എം എൽ എയും, ഐ സി യൂണിറ്റുകളുടെ ഉദ്ഘാടനം ഐ ആർ ഇ എൽ ചീഫ് ജനറൽ മാനേജർ ആർ വി വിശ്വനാഥും നിർവഹിച്ചു.
സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്‌സൺ എ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. പി മീന, പടിപ്പുര ലത്തീഫ്, എസ് ഇന്ദുലേഖ, എം ശോഭന, എൽ ശ്രീലത, മുൻ എം എൽ എ ആർ രാമചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ എസ് ഷിനു തുടങ്ങിയവർ പങ്കെടുത്തു