കൊട്ടാരക്കര ഗതാഗത പരിഷ്‌കരണം; പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തും

Advertisement

കൊട്ടാരക്കര നഗരസഭ പരിധിയില്‍ പുലമണ്‍ രവിനഗര്‍, ചന്തമുക്ക് മുന്‍സിപ്പല്‍ മൈതാനം, സിവില്‍ സ്റ്റേഷന് സമീപമുള്ള സ്ഥലം എന്നിവിടങ്ങളില്‍ വാഹന പാര്‍ക്കിങിന് ഫീസ് ഏര്‍പ്പെടുത്തും. നഗരസഭാ അധ്യക്ഷന്‍ എസ് ആര്‍ രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് അവലോകന യോഗത്തിലാണ് തീരുമാനം. ഇടത്തരം വാഹനങ്ങള്‍ക്ക് മണിക്കൂറിന് 20 രൂപയ റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നതിന് 10 രൂപയും ഈടാക്കും. വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതിയില്ല. നഗരത്തിലെ പ്രധാന ജങ്ഷനുകളിലെയും റോഡുകളിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താനുള്ള വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഇവിടങ്ങളില്‍ ട്രാഫിക് വാര്‍ഡന്‍മാരെയും നിയമിക്കും.

നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇടറോഡുകള്‍ വികസിപ്പിച്ച് അതുവഴിയുള്ള ഗതാഗതം വര്‍ധിപ്പിക്കും. ഓടകള്‍ വൃത്തിയാക്കുന്നതിനായി പത്തു തൊഴിലാളികളെ നഗരസഭ നിയമിച്ചു. 20 ശുചീകരണ തൊഴിലാളികളെ കൂടി നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി അനുമതി നല്‍കുമെന്ന് പോലീസ് അധികാരികളും അറിയിച്ചു.

വൈസ് ചെയര്‍പേര്‍സണ്‍ വനജ രാജീവ്, റൂറല്‍ എസ് പി എം എല്‍ സുനില്‍, ഡി വൈ എസ് പി ജി ഡി വിജയകുമാര്‍, തഹസില്‍ദാര്‍ ശുഭന്‍, വ്യാപാര സ്ഥാപന ഉടമകള്‍, ജനപ്രതിനിധികള്‍, സ്വകാര്യ ബസ് ഉടമകള്‍, ഓട്ടോ തൊഴിലാളികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement