മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരം കപിലിനെ തേടിയെത്തിയപ്പോൾ പുത്തൂർ പാങ്ങോട് കരിമ്പിൻപുഴ എന്ന ഗ്രാമം ശരിക്കും അദ്ഭുതപ്പെട്ടു. ഓണാഘോഷങ്ങളിലും മറ്റ് പരിപാടികളിലുമൊക്കെ പാട്ടുപാടി സമ്മാനം നേടിയിരുന്ന ആ കൊച്ചുകുട്ടി ഇത്ര വലിയ ഗായകനായ കാര്യം നാട്ടിൽ അധികം പേർക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം.സംസ്ഥാന പ്ളാനിംഗ് ബോർഡിൽ നിന്നു 2018ൽ ജോ.ഡയറക്ടറായി വിരമിച്ച പാങ്ങോട് കരിമ്പിൻപുഴ കണ്ടുവേലിൽക്കുന്നിൽ വീട്ടിൽ സി.ആർ.മധുസൂദനൻ പിള്ളയുടെയും സി.രാധാമണിയമ്മയുടെയും രണ്ട് മക്കളിൽ മൂത്തയാളാണ് കപിൽ.എം.നായരെന്ന കപിൽ കപിലൻ. കപിലും അനുജൻ കശ്യപ് എം.നായരും നന്നായി പാടുന്നവരാണ്. പാട്ടുകാരൻ കൂടിയായ അച്ഛനിലെ സംഗീതമാണ് മക്കൾക്ക് കിട്ടിയത്. പുത്തൂർ ലിറ്റിൽഫ്ളവർ എൽ.പി സ്കൂളിലാണ് കപിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്.എസിൽ പത്താം ക്ളാസുവരെ പഠിച്ചു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് ടു പഠിച്ചശേഷം തിരുവന്തപുരം മാർ ഇവാനിയോസ് കോളേജിൽ ഫിസിക്സ് ബിരുദത്തിന് ചേർന്നു. കേരള സർവകലാശാല കലോത്സവത്തിൽ ലളിത ഗാനത്തിൽ പങ്കെടുക്കാൻ ചെന്നപ്പോൾ താൻ പാടാനിരുന്ന പാട്ട് മറ്റൊരാൾ ആദ്യം പാടിയപ്പോൾ മനസ് മടുത്തു. എന്നാൽ തൊട്ടടുത്ത വർഷം അച്ഛനെഴുതിയ ലളിതഗാനവുമായി വീണ്ടും മത്സരിച്ച് ഒന്നാമനായി.
അച്ഛന്റെ കൂട്ടുകാരനായ പാങ്ങോട് രാധാകൃഷ്ണനാണ് അന്ന് ലളിതഗാനത്തിന് സംഗീതം നൽകിയത്. സ്റ്റാർ സിംഗർ സീസൺ 7ൽ പങ്കെടുത്തതോടെ കപിൽ ശ്രദ്ധിക്കപ്പെട്ടു. പിന്നെ ചെന്നൈയ്ക്ക് വണ്ടികയറി. എ.ആർ.റഹ്മാൻ മ്യൂസിക് കോളേജിൽ ഫൗണ്ടേഷൻ കോഴ്സും സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ലോഞ്ചിൽ ചേർന്ന് സൗണ്ട് എൻജിനീയറിംഗും പഠിച്ചു. ഹിന്ദുസ്ഥാനിയും വെസ്റ്റേൺ മ്യൂസികും ഇടയ്ക്ക് പഠിച്ചെടുത്തു. മ്യൂസിക് ലോഞ്ചിൽ പഠിക്കുമ്പോൾ ഹിന്ദി, തമിഴ് കവർസോംഗുകൾ ചെയ്തതാണ് സിനിമയിലേക്ക് വഴിതുറന്നത്. കന്നട, തെലുങ്ക് സിനിമകളിലാണ് ആദ്യം പാടിയത്. ബാച്ചിലർ എന്ന സിനിമയിലെ ‘അടിയേ..’ എന്ന ഗാനം വലിയതോതിൽ ഹിറ്റായി. തമിഴിലും തിരക്കുള്ള ഗായകനായി. നൈറ്റ് ഡ്രൈവ്, ഭീഷ്മപർവം, പത്രോസിന്റെ പടപ്പുകൾ തുടങ്ങി മലയാള ചിത്രങ്ങളിലും പാടിയതോടെ മലയാളക്കരയിലും കപിൽ കപിലൻ അറിയപ്പെടാൻ തുടങ്ങി. തിരക്കേറിയ ഗായകനായതിനൊപ്പം ചെന്നൈയിൽ താമസമുറപ്പിച്ചതോടെ കപിൽ പുത്തൂരിലെ വീട്ടിലേക്ക് അധികം വരാറില്ലായിരുന്നു. രണ്ടുവർഷം മുൻപാണ് കൊട്ടാരക്കര പ്ളാപ്പള്ളി സ്വദേശിനി ശ്രുതിയെ വിവാഹം ചെയ്തത്. ഒരു വർഷം മുൻപ് അമ്മയുടെ അമ്മ ചെല്ലമ്മ മരിച്ചപ്പോൾ വന്നിരുന്നു. നാല് ദിനം തങ്ങിയിട്ട് പോയി. പിന്നെ വരവുണ്ടായില്ല. മകന് വലിയ പുരസ്കാരം നേടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. ഇന്നലെ വൈകിട്ടുമുതൽ നാട്ടുകാരും ബന്ധുക്കളുമാെക്കെ സന്തോഷം പങ്കിടാൻ വീട്ടിലേക്ക് വരുന്നുണ്ട്.