സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കുന്നത്തൂരിനും അഭിമാന നേട്ടം

Advertisement

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ കുന്നത്തൂരിനും അഭിമാന നേട്ടം. കുന്നത്തൂര്‍, നെടിയവിള, ഐവര്‍കാല, പിന്നാട്ട് വീട്ടില്‍ രാജേഷ് പിന്നാടന്‍ ആണ് നാടിനെ പുരസ്‌ക്കാര നേട്ടത്തിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍) വിഭാഗത്തിലാണ് രാജേഷ് പുരസ്‌കാരം കരസ്ഥമാക്കിയത്. ജി.ആര്‍ ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി ശ്രീജിത്ത്. എന്‍ സംവിധാനം ചെയ്ത ‘ഒരു തെക്കന്‍ തല്ല് കേസ്’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിതാണ് രാജേഷ് പിന്നാടനെ നേട്ടത്തിലേക്ക് എത്തിച്ചത്.
കൊല്ലം-തിരുവനന്തപുരം അതിര്‍ത്തിയില്‍ നടക്കുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’ എന്ന ചിത്രത്തിന്റെ കഥയ്ക്ക് നാട്ടുഭാഷ തന്നെയാണ് രാജേഷ് ഉപയോഗിച്ചത്. എഴുത്തിനാണ് ജീവിതത്തില്‍ അദ്ദേഹം ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. പൊളിറ്റിക്‌സില്‍ ബിരുദമെടുത്ത രാജേഷ് പിന്നീട് അഡ്വര്‍ടൈസ്‌മെന്റ് കോപ്പിറൈറ്റിങ് കോഴ്‌സ് കൊച്ചിയില്‍ പോയി പഠിച്ചു. തുടര്‍ന്ന് ആ മേഖലയില്‍ ജോലിചെയ്യുന്നതിനിടെയാണ് തെക്കന്‍ തല്ലുകേസിന്റെ സംവിധായകന്‍ എന്‍.ശ്രീജിത്തിനെ പരിചയപ്പെടുന്നത്. പിന്നീട് 2014ല്‍ പുറത്തിറങ്ങിയ പകിട എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഇരുവരും ചേര്‍ന്നാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഇന്ദുഗോപന്റെ തന്നെ ‘വിലായത്ത് ബുദ്ധ’ക്ക് തിരക്കഥ ഒരുക്കുന്നത് രാജേഷാണ്. സച്ചി സിനിമയാക്കണമെന്ന് ആഗ്രഹിച്ച കഥയാണ് വിലായത്ത് ബുദ്ധ. കുന്നത്തൂര്‍ പിന്നാട്ടു വീട്ടില്‍ പരേതനായ രാജേന്ദ്രന്റെയും ശാന്തയുടെ മകനാണ് രാജേഷ്. ഭാര്യ സിനി. മക്കള്‍: ധ്യാന്‍, തന്മയി. പഴയകാല കോണ്‍ഗ്രസ് നേതാവ് പിന്നാട്ട് ഗോപാലപിള്ളയുടെ ചെറുമകനാണ് രാജേഷ്.

Advertisement