കുന്നത്തൂർ . അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന
ഉമ്മൻചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച
പൊതുമരാമത്ത് വകുപ്പ് പത്തനംതിട്ട ഡിവിഷണൽ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർ കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ.രാജേഷ് കുമാറിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
കുന്നത്തൂർ പൂതക്കുഴി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് രാജേഷിന്റെ വീടിനു സമീപം വച്ച് ശാസ്താംകോട്ട പോലീസ് തടഞ്ഞു.തുടർന്ന് പോലീസ് വലയം ഭേദിച്ച് വീട്ടിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.കെ.സുകുമാരൻ നായർ,ദിനേശ് ബാബു,സുഹൈൽ അൻസാരി,ജയശ്രീ പവിത്രേശ്വരം,ഹരി പുത്തനമ്പലം എന്നിവർ സംസാരിച്ചു.പ്രതിഷേധ മാർച്ചിൽ വനിതകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് വിവിധ സ്റ്റേഷനുകളിൽ നിന്നായി വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.