പത്തനാപുരം: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കെറ്റ് മരിച്ചു.ഇളമ്പൽ കടശ്ശേരി മംഗലത്ത് വീട്ടില്‍ വിനോദ് (43)ആണ് മരിച്ചത്. പത്തനാപുരം കെഎസ്ഇബി സെക്ഷൻ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം പാതിരിക്കൽ പാലക്കീഴ് ഭാഗത്തു മരം വീണ് വൈദ്യുതി കമ്പി പൊട്ടുകയും, വൈദ്യുതി തകരാരിലാകുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോടെ മരം മുറിച്ചു നീക്കിയ ശേഷം ഓഫീസിൽ വിവരമറിയിച്ചതോടെ വിനോദും സഹപ്രവർത്തകനും അവിടെ എത്തി. ഒരു ട്രാൻസ്ഫോർമറിൽ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വിനോദ് വൈദ്യുതി പോസ്റ്റിൽ കയറി കണക്ഷൻ കൊടുക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇരുവശത്തുനിന്നും ഇവിടെ സപ്ലൈ ഉണ്ടായിരുന്നു. അരമണിക്കൂറിലധികം പോസ്റ്റിൽ ബോധരഹിതനായി കുരുങ്ങിക്കിടക്കുകയും ചെയ്തു. ആവണീശ്വരത്തു നിന്നും അഗ്നിശമന സേനയെത്തി താഴെയിറക്കി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ. സുമ. മകന്. സാഗര്‍.