കരുനാഗപ്പള്ളി: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ടറ കരുനാഗപ്പള്ളി താലൂക്കില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കരുനാഗപ്പള്ളി താലൂക്കിലെ എംഎല്‍എമാരായ സി.ആര്‍. മഹേഷ്, ഡോ. സുജിത് വിജയന്‍ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ദേശീയപാതയ്ക്ക് കിഴക്ക് വശത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഉണ്ടായിരുന്ന തോടുകള്‍ പുനഃസ്ഥാപിച്ച് ജലനിര്‍ഗമനം സുഗമമാക്കണം, നിലവില്‍ പൈപ്പ് ജല വിതരണം പല ഭാഗങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്, വൈദ്യുതി ലൈന്‍ അഴിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പുതിയതായി നിര്‍മ്മിച്ച ഓടകളില്‍ കെട്ടിട അവശിഷ്ടങ്ങളും മറ്റും നിറഞ്ഞ് അവസ്ഥക്ക് പരിഹാരം കാണുന്നതിനും, ചില ഭാഗങ്ങളില്‍ ഉയരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഭിത്തികള്‍ മൂലം ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
നഗരസഭാ തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രതിനിധികളും ഉള്‍പ്പെടുന്ന സംയുക്ത സംഘം പരിശോധന നടത്തുവാന്‍ തീരുമാനിച്ചു. കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുന്നതിനും തീരുമാനമായിട്ടുണ്ട്. എംഎല്‍എമാര്‍ക്ക് പുറമേ തഹസീല്‍ദാര്‍ പി.ഷിബു, അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, നഗരസഭ ചെയര്‍മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനിയുടെ ഉടമസ്ഥരായ വിശ്വ സമുദ്ര പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.