കരുനാഗപ്പള്ളി . അജൈവ മാലിന്യശേഖരണത്തിലും ഹരിത കർമ്മസേന യൂസർഫീ ശേഖരണത്തിലും മാതൃകയായി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ തൊടിയൂർ ഗ്രാമ പഞ്ചായത്തെത്തിയതായി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ അറിയിച്ചു.
ജൂലൈ മാസത്തിൽ ഇരുപത്തിമൂന്നു വാർഡുകളിലായി യൂസർ ഫീ ഇനത്തിൽ 6,39,750 രൂപയും പ്ലാസ്റ്റിക് ശേഖരിച്ചു വിറ്റ ഇനത്തിൽ 24,000 രൂപയും ഉൾപ്പെടെ 6,63,750 രൂപ ശേഖരിച്ചു കൊണ്ടാണ് തൊടിയൂർ പഞ്ചായത്ത് ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്.
വൃത്തിയും വെടിപ്പുമുള്ള നാടായി പഞ്ചായത്തിനെ മാറ്റാനുള്ള മാലിന്യ നിർമ്മാർജ്ജന പോരാട്ടത്തിൽ സുപ്രധാനമായ പങ്കുവഹിച്ചു മുന്നേറുകയാണ് തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന. ക്ലസ്റ്റർ അടിസ്ഥാനത്തിൽ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും പ്രതികൂലമായ കാലാവസ്ഥയെ അവഗണിച്ചു ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ മാതൃകപരമായ പ്രവർത്തനമാണ് 43 പേരടങ്ങിയ ഹരിത കർമ്മ സേനാംഗങ്ങൾ കാഴ്ചവെയ്ക്കുന്നത്. സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ എത്തിക്കുന്നു. ഇവിടെ നിന്നും മാലിന്യം തരംതിരിച്ച് അവ മെറ്റീരിയൽ റിക്കവറി സെന്ററിൽ കൊണ്ടുവരുന്നു.
ടൺ കണക്കിന് മാലിന്യങ്ങളാണ് ഓരോ തവണയും നീക്കുന്നത്. അതുവഴി ഹരിത കർമ്മ സേന അംഗങ്ങൾക്ക് സ്ഥായിയായ വരുമാനവും ലഭിക്കുന്നുണ്ട്. ഹരിതകർമ്മ സേനയ്ക്ക് ആവശ്യമായ ഇലക്ട്രിക്ക് വാഹനവും ട്രോളികളും പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. ആധുനിക സൗകര്യത്തോടു കൂടിയ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും ഓരോ വാർഡിലും പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി മിനി കളക്ഷൻ ഫെസിലിറ്റി സെന്ററും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.ഐആർടിസിയുടെ സഹായവും ഇക്കാര്യത്തിൽ പഞ്ചായത്തിന് ലഭിക്കുന്നുണ്ട്. കൈമോശം വന്ന ഗ്രാമീണ ശുചിത്വസംസ്കാരം പുനഃസ്ഥാപിക്കുന്നതിൽ ഹരിത കർമ്മസേനയുടെ പങ്ക് നിസ്തുലമാണ്.
ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രസിഡന്റ് ബിന്ദു രാമചന്ദ്രനും പഞ്ചായത്തു ഭരണസമിതിയും അഭിനന്ദിച്ചു. പൊതുയിടങ്ങൾ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തു സെക്രട്ടറി സി ഡെമാസ്റ്റൻ അറിയിച്ചു.