ദേശീയപാത വികസനം: കരുനാഗപ്പള്ളിയില്‍ ഇന്നു മുതൽ സംയുക്ത പരിശോധന

Advertisement

കരുനാഗപ്പള്ളി . ദേശീയപാത നിർമാണം നടക്കുന്ന പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംയുക്ത പരിശോധന നടത്താൻ അവലോകനയോഗം തീരുമാനിച്ചു. ദേശീയപാത അധികൃതകർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നിർമാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടക്കുക.

ഓച്ചിറ, കുലശേഖരപുരം പഞ്ചായത്തുകളിൽ 26-നും ചവറ, നീണ്ടകര, ശക്തികുളങ്ങര പഞ്ചായത്തുകളിൽ 27-നും പന്മനയിൽ 28-നും കരുനാഗപ്പള്ളി നഗരസഭയിൽ 29-നുമാണ് സംയുക്ത പരിശോധന നടത്തുക. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കരുനാഗപ്പള്ളി നഗരസഭാ ഹാളിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. നേരത്തെ തന്നെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പൊതുജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് സുജിത് വിജയൻ പിള്ള എംഎൽഎ ആവശ്യപ്പെട്ടിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ എംഎൽഎമാരായ സി ആർ മഹേഷ്, ഡോ സുജിത്ത് വിജയൻപിള്ള എന്നിവരുടെ സാന്നിധ്യത്തിൽ യോഗം വിളിച്ചു ചേർക്കുകയായിരുന്നു.


ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി.മഴ ശക്തമാകുന്നതിന് മുൻപായി ഇത് പരിഹരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. കഴിഞ്ഞ മഴയിൽ ഓച്ചിറ മുതൽ നീണ്ടകര വരെ പലയിടത്തും ദേശീയപാതയുടെ വശങ്ങളിൽ വെള്ളക്കെട്ട് വ്യാപകമായിരുന്നു.നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന ഓടകൾ അടഞ്ഞതും പുതിയ ഓടകൾ പൂർത്തിയാകാത്തതുമാണ് വെള്ളക്കെട്ടിന് കാരണമായത്.
ഓട നിർമാണം പൂർത്തിയാകാത്തതും ചിലയിടങ്ങളിൽ ഉയരത്തിൽ ഓടയുടെ ഭിത്തി നിർമിക്കുന്നതും ദേശീയപാതയോരത്ത് താമസിക്കുന്നവരെ സാരമായി ബാധിക്കുന്ന പ്രശ്നവും ഉയർന്നു വന്നു. പലയിടത്തും വീടുകളിലേക്കുള്ള വഴികൾ തടസ്സപ്പെട്ടു.

വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസവും പൊതുജനങ്ങളെ ബാധിക്കുന്നുണ്ട്. പുതിയതായി നിർമിച്ച ഓടകളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. ഇതിന് പരിഹാരം ഉണ്ടാകണമെന്നും ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിക്കുക, ദേശീയപാത നിർമാണം കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും യോഗത്തിൽ ഉയർന്നു വന്നു. തുടർന്നാണ് സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചത്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് ലൈൻ ഇടയ്ക്കിടെ പൊട്ടി കുടിവെള്ളം മുടങ്ങുന്ന പ്രശ്നം ചർച്ച ചെയ്യുന്നതിനും പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനുമായി തിരുവനന്തപുരത്ത് ഉന്നതല യോഗം ചേരും.
തഹസിൽദാർ പി ഷിബു, ഭൂരേഖാ തഹസിൽദാർ ആർ സുശീല, എൻഎച്ച്എഐ ജില്ലാ ലെയ്‌സൺ ഓഫീസർ അബ്ദുൽ റഹ്മാൻ, വിശ്വസമുദ്രാ കമ്പനി ലെയ്‌സൺ ഓഫീസൽ അബ്ദുൽ സലാം, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

Advertisement