പേരയം, കിഴക്കേകല്ലട, മണ്‍ട്രോത്തുരുത്ത് എന്നീ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 13.795 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ആദ്യഘട്ടത്തില്‍ പേരയം ഫിഷ് ലാന്‍ഡിങ് സെന്റര്‍ മുതല്‍ മുട്ടം കടത്തുകടവ് വരെയുള്ള നാല് കിലോമീറ്റര്‍ ദൂരം പൂര്‍ത്തീകരിച്ചു. മുട്ടം കടത്തുകടവ് മുതല്‍ കൊടുവിളപള്ളി വരെ 4.42 കിലോമീറ്റര്‍ രണ്ടാംഘട്ടത്തിലും കൊടുവിള പള്ളി മുതല്‍ ഇടിയക്കടവ് പാലം വരെ 5.375 കിലോമീറ്റര്‍ മൂന്നാംഘട്ടത്തിലും ഏറ്റെടുത്ത് നിര്‍മിക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധിയായ എബ്രഹാം സാമുവല്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഡി സാജു, പേരയം, കിഴക്കേ കല്ലട, മണ്‍ട്രോത്തുരുത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷെറിന്‍ മുഹമ്മദ്, തുടങ്ങിയവര്‍ പങ്കെടുത്തു.