ശാസ്താംകോട്ട.നല്ലതുപോലെ പദ്ധതിയിട്ട കലാപമാണ് മണിപ്പൂരിൽ നടക്കുന്ന വർഗ്ഗീയ കലാപമെന്ന് സി പി ഐ
ആലപ്പുഴ ജില്ലാ സെക്രട്ടറി റ്റി ജെ ആഞ്ചലോസ് പറഞ്ഞു. യുവ കലാ സാഹിതി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മൈനാഗപ്പള്ളി ആറ്റുപുറം ജംഗ്ഷഷനിൽ നടന്ന അശാന്തമായ മണിപ്പൂരും ഭരണകൂട ഭീകരതയും എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമുല്യമായ ധാതു, വജ്ര, എണ്ണ ശേഖരമുള്ള സംസ്ഥാനമാണ് മണിപ്പൂർ . ഇവിടേക്ക് കടന്നു കയറാനുള്ള കോർപ്പറേറ്റ് താൽപര്യമാണ് ഈ ആസൂത്രിത കലാപത്തിനു പിന്നിലുള്ളത്. ഒരേ സമയത്ത് തന്നെ ആരാധനാലയങ്ങൾ ഓരോന്നായി പ്ലാൻ ചെയ്ത് തകർക്കുകയാണ്. പോലീസ് സ്റ്റേഷനുകളിൽ ആയുധങ്ങൾ സൂക്ഷിക്കുകയും ആ ആയുധങ്ങൾ ഉപയോഗിച്ച് കലാപം നടത്തുകയുമാണ്. പതിനായിരക്കണക്കിന് മനുഷ്യർ പാലായനം ചെയ്തു. സ്ത്രീകളെ അടക്കം ക്രൂരമായി പീഡിപ്പിക്കുന്നു. ക്യാമ്പുകളിൽ അഭയം പ്രാപിച്ച വരെ അവിടെ എത്തിയും ആക്രമിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച വാഹനങ്ങൾ പോലും തകർക്കുമ്പോൾ പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസ് നിഷ്ക്രിയാകുമ്പോൾ സൈന്യത്തെ ഇറക്കി കലാപം അടിച്ചമർത്താൻ കഴിയുമെങ്കിലും ഭരണാധികാരികൾ അതിന് തയ്യാറാകുന്നില്ല. കലാപകാരികളെ തിരിച്ചറിയാൻ കഴിയാത്ത വിധം പോലീസിന്റേയും സൈന്യത്തിന്റേയും വേഷം ധരിച്ച് അക്രമം നടത്തുകയാണ്. മണിപ്പൂർ വിഷയം ചർച്ചെ യ്യാനെത്തിയ മണിപ്പൂരിലെ രാഷ്ട്രീയ നേതൃത്വത്തെ പ്രധാനമന്ത്രി കേട്ടത് വെറും 36 സെക്കന്റ് മാത്രമാണ്. ഗുജറാത്തിൽ നടത്തിയതാണ് ഇന്ന് സംഘപരിവാർ മണിപ്പൂരിൽ നടത്തുന്നത്. മണിപ്പൂരിലെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണകൾക്ക് എതിരെ വിദേശ രാജ്യങ്ങൾ പോലും അതി ശക്തമായി പ്രതിഷേധിച്ച പ്പോൾ വെറും സെക്കന്റുകൾ മാത്രമാണ് ഇന്ത്യൻ പ്രധാന മന്ത്രി പ്രതികരിച്ചത്. ഇന്ന് രാജ്യത്ത് ഈ കലാപത്തിനെതിരായി ഉയർന്നു വരുന്ന പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാസിസത്തിന്റെ പുതിയ രീതിയിലുള്ള കടന്നു കയറ്റമാണ് ഇന്ന് രാജ്യത്ത് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സെമിനാറിൽ സംസാരിച്ചു കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പി രാജേന്ദ്രപ്രസാദ് പറഞ്ഞു. രാജ്യത്ത് ഉയർന്നു വരുന്ന പ്രതിപക്ഷ ഐക്യ നിര സംഘ പരിപാർ അജണ്ടകൾ തൂത്തെറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരം ഊട്ടിയുറപ്പിക്കുവാൻ വർഗ്ഗീയതയേയും ജാതീയതയേയും സംഘ പരിവാർ നന്നായി ഉപയോഗപ്പെടുത്തുകയാണെന്ന് കരുനാഗപള്ളി താലൂക്ക്
ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ പറഞ്ഞു.
സെമിനാർ സംഘാടക സമിതി ചെയർമാൻ ആർ കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു.
സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ് സോമൻ ,ജി ശ്രീനാദേവി, സി മോഹനൻ, ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, സംഘാടക സമിതി ഭാരവാഹികളായ മനു പോരുവഴി, ആർ മദന മോഹൻ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് പ്രൊഫ എസ് അജയൻ എന്നിവർ സംസാരിച്ചു. സെമിനാർ സംഘാടക സമിതി കൺവീനർ കെ പി റഷീദ് സ്വാഗതവും ഉണ്ണിരാജ് നന്ദിയും പറഞ്ഞു.
പടം:യുവ കലാ സാഹിതി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് മൈനാഗപ്പള്ളി ആറ്റുപുറം ജംഗ്ഷഷനിൽ നടന്ന അശാന്തമായ മണിപ്പൂരും ഭരണകൂട ഭീകരയും എന്ന വിഷയത്തിൽ നടന്ന സെമിനാർ സി പി ഐ
ആലപ്പുഴ ജില്ലാ സെക്രട്ടറി റ്റി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു