ചാത്തന്നൂർ: രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് തടി ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ട്രയിൻ ഇടിച്ചു കാലിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്ന ശെൽവൻ (45), ആംബുലൻസ് ഡ്രൈവർ ഷെമീർ എന്നിവർക്കാണ് പരിക്കേറ്റത്.
കൊല്ലം – തിരുവനന്തപുരം ദേശിയപാതയിൽ ഇത്തിക്കരയിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും തടിയും കയറ്റി വന്ന ലോറി ആംബുലൻസിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശിയപാതയിൽ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ചാത്തന്നൂർ പോലീസും നാട്ടുകാരും പരിക്കേറ്റവരെ കൊട്ടിയത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.