ശാസ്താംകോട്ട. മഴക്കാലത്ത് നാട്ടിൻ പുറങ്ങളിൽ തോടുകളിലും മറ്റ് ജലാശയങ്ങളിലുമൊക്കെ കൂട് വച്ച് മീൻ പിടിക്കുന്നത് പതിവ് കാഴ്ചയാണ്.ഇത്തരം കെണികളിലൂടെ പലപ്പോഴും നല്ല ചാകര തന്നെ കിട്ടാറുമുണ്ട്.എന്നാൽ ഇരുട്ടിന്റെ മറവിൽ കൂടിനുള്ളിൽ കയറിയ മത്സ്യം അടിച്ച് മാറ്റി കൊണ്ട് പോകുന്നവരും നിരവധിയാണ്.ഇതിനാൽ കൂട് വയ്ക്കുന്നവർ സദാ ജാഗരൂകരായിരിക്കും.
ഇത്തരമൊരു സംഭവമാണ് കുന്നത്തൂർ തോട്ടത്തുംമുറിയിൽ നടന്നത്.തലേ ദിവസം തോട്ടിൽ വച്ചിരുന്ന കൂടിനുള്ളിൽ കയറിയ മീൻ മറ്റാരും കൊണ്ടു പോകാതിരിക്കാനാണ് കർഷകൻ കൂടിയായ ഗൃഹനാഥൻ പുലർച്ചെ തന്നെ എത്തിയത്.കൂടിനുള്ളിലേക്ക് നോക്കിയപ്പോൾ വലിയ സന്തോഷമായി.വലിയ സൈസിലുള്ളവലിയൊരു മീൻ തന്നെ.കോളടിച്ചെന്ന് കരുതി മീനെടുക്കാൻ കൂടിനുള്ളിലേക്ക് കൈ ഇട്ടപ്പോൾ ചീറ്റി കൊണ്ട് കൊത്താനാഞ്ഞ മൂർഖനെയാണ് മൊബൈലിന്റെ ടോർച്ച് വെട്ടത്തിൽ ഇയ്യാൾ കണ്ടത്.
പെട്ടന്ന് കൈ പിൻവലിച്ചതിനാൽ കടിയേറ്റില്ല.വിവരമറിഞ്ഞ് രാവിലെയോടെ നിരവധി പേരാണ് കൂടിനുള്ളിൽ കുടുങ്ങിയ കരിമൂർഖനെ കാണാനെത്തിയത്.പിന്നീട് നാട്ടുകാർ കൂട് തുറന്ന് പാമ്പിനെ സ്വതന്ത്രമാക്കി വിടുകയും ചെയ്തു.