കരുനാഗപ്പള്ളി . ഒരു മാസം മുമ്പ് എറണാകുളം മുളവുകാട് നിന്നും മോഷണം പോയ ബൈക്ക് അഴീക്കലിൽ നിന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത ബൈക്കും ബൈക്ക് ഓടിച്ചിരുന്ന ആളിനെയും ഓച്ചിറ പോലീസിന് കൈമാറി.
കരുനാഗപ്പള്ളി ആർടിഒ എൻഫോഴ്‌സമെന്റ് സ്‌ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ അഴീക്കൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ബൈക്ക് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിൽ പിൻവശത്ത് നമ്പർ പ്രദർശിപ്പിക്കാത്ത ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന് സംശയം തോന്നിയ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ വാഹനത്തിന്റെ ചെയ്‌സ് നമ്പർ പരിശോധിച്ചപ്പോഴാണ് വാഹനത്തിൽ പ്രദർശിപ്പിച്ചിരുന്ന നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയത്. വാഹനത്തിന്റെ യഥാർഥ നമ്പർ മറ്റൊന്നാണെന്നും മനസിലാക്കി.’
തുടർന്ന് യഥാർത്ഥ നമ്പരിലുള്ള വാഹന ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഈ വാഹനം ഒരു മാസം മുമ്പ് മോഷണം പോയതാണെന്ന് വ്യക്തമായത്.വാഹനം മോഷണം പോയതിന് മുളവുകാട് പോലീസിൽ പരാതി നൽകിയിട്ടുള്ളതായും വാഹന ഉടമ അറിയിച്ചു. അഴീക്കലിൽ നിന്നും പിടികൂടിയ ബൈക്ക് ഓടിച്ചിരുന്നത് ആലുവ കടുങ്ങല്ലൂർ സ്വദേശി സഞ്ജയ് ആയിരുന്നു. വാഹനത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള നമ്പരിലുള്ളത് ഒരു ബുള്ളറ്റ് ബൈക്കാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വ്യാജ നമ്പർ പ്രദർശിപ്പിച്ച ബൈക്കും ബൈക്ക് ഓടിച്ച സഞ്ജയിയെയും ഇയാളുടെ ഡ്രൈവിങ് ലൈസൻസും ഓച്ചിറ പോലീസിന് കൈമാറിയിട്ടുണ്ട്. മോഷ്ടിച്ച ബൈക്ക് വ്യാജ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് ഓടിച്ചതിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം ഓച്ചിറ പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എംവി ഐ ദിലീപ് കുമാർ കെ, എ എം വി ഐ മാരായ ജയകുമാർ കെ, ഷാജു എ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.