പോരുവഴി. പഞ്ചായത്ത് മെമ്പർ പദവി മറച്ചു വച്ച്
സർക്കാർ ജോലിയിൽ പ്രവേശിച്ചുവെന്നാരോപണം, പോരുവഴി പഞ്ചായത്തിലെ എസ്ഡിപിഐ അംഗം ഒടുവിൽ രാജി വച്ചു.കമ്പലടി 15ാം വാർഡ് മെമ്പർ അൻസി നസീർ ആണ് ഇന്ന്(ചൊവ്വ) രാജി വച്ചത്.ആരോഗ്യ കേരളം (എൻഎച്ച്എം) പദ്ധതിയിൽ നഴ്സ് തസ്തികയിൽ രണ്ടര മാസം മുമ്പാണ് ഇവർക്ക് ജോലി ലഭിച്ചത്.
പഞ്ചായത്തംഗം ആണെന്ന വിവരം സത്യവാങ്മൂലത്തിൽ നിന്നും
ബോധപൂർവ്വം മറച്ചു വച്ചാണ് ജോലിയിൽ പ്രവേശിച്ചത് എന്നായിരുന്നു പരാതി.അഞ്ചലിൽ ആയിരുന്നു ആദ്യ നിയമനം.ഇപ്പോൾ ഓച്ചിറ സി.എച്ച്.സിയിലാണ് ജോലി നോക്കുന്നത്.ഇക്കാലയളവിൽ പഞ്ചായത്ത് കമ്മിറ്റികൾക്ക് പങ്കെടുക്കുകയും ഓണറേറിയം അടക്കം കൈപ്പറ്റുകയും ചെയ്തിരുന്നു.സഹപ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെയുള്ളവരിൽ നിന്നും വിവരം മറച്ച് വച്ചിരുന്നു.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വരിക്കോലിൽ ബഷീർ,മണ്ഡലം സെക്രട്ടറി സലീം കല്ലുവെട്ടാംകുഴി,ബൂത്ത് പ്രസിഡന്റ് അബ്ബാസ് എന്നിവർ പഞ്ചായത്ത് സെക്രട്ടറി,ആരോഗ്യ കേരളം അധികൃതർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം വിവാദമായത്.തുടർന്ന് ആരോഗ്യ കേരളം അധികൃതർ അന്വേഷണം നടത്തുകയും പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.ഇതിനെ തുടർന്നാണ് പഞ്ചായത്ത് മെമ്പർ പദവി രാജി വയ്ക്കാൻ അൻസി തയ്യാറായത്.അതിനിടെ സർക്കാർ ജോലി ലഭിച്ചിട്ടും മെമ്പർ സ്ഥാനം രാജി വയ്ക്കാതെ രണ്ട് സർക്കാർ വകുപ്പുകളെ കബളിപ്പിക്കുകയും ശമ്പളം കൈപ്പറ്റുകയും ചെയ്തതിന് അൻസി നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്.