പിടിയിലാകുന്ന ഘട്ടമെത്തിയാല്‍ ബ്ലെയ്ഡ് ഉപയോഗിച്ച് സ്വന്തം ശരീരം കീറി മുറിച്ച് രക്ഷപ്പെടാറുള്ള കുപ്രസിദ്ധ മോഷ്ടാവ് ബ്ലേഡ് അയ്യപ്പന്‍ പിടിയില്‍

Advertisement

കൊട്ടാരക്കര: ഒരേ ദിവസം തന്നെ കൊട്ടാരക്കര പരിസര പ്രദേശത്തെ ക്ഷേത്രത്തിലും പള്ളിയിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ കൊട്ടാരക്കര പോലീസ് പിടികൂടി. കഴിഞ്ഞ ആഴ്ച വല്ലത്തുള്ള മുസ്ലിം തൈക്കാവിലും പടിഞ്ഞാറ്റിന്‍കര അമ്മന്‍ കോവിലിലും വല്ലം കുളത്തിന് സമീപം സ്ഥാപിച്ച വഞ്ചി എന്നിവ മോഷണം നടത്തിയ തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം ചെമ്പകമംഗലം ഊരുകോണത്ത് പുത്തന്‍വീട്ടില്‍ ബ്ലേഡ് അയ്യപ്പന്‍ (33) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തില്‍ ആദ്യം മോഷണം നടത്തിയ പ്രതി അവിടെ നിന്നും കൈക്കലാക്കിയ ഇരുമ്പ് ശൂലം ഉപയോഗിച്ചാണ് പളളിയില്‍ മോഷണം നടത്താന്‍ ശ്രമിച്ചത്. ശൂലം പള്ളിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ശൂലം പള്ളിയില്‍ കണ്ട് വിവരം അറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്ത് കൊട്ടാരക്കര പോലീസ് എത്തി. അന്വേഷണത്തില്‍ മോഷണ ശ്രമമാണ് നടന്നതെന്ന് തിരിച്ചറിഞ്ഞു. സ്ഥലത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ വിലാസം മനസിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുറച്ച് നാളുകളായി കരുനാഗപ്പള്ളി കുലശേഖരപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാടക വീട്ടിലെത്തി സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോള്‍ ബ്ലെയ്ഡ് ഉപയോഗിച്ച് സ്വന്തം ശരീരം കീറി മുറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കാറുള്ളയാളാണ് അയ്യപ്പനെന്ന് പോലീസ് പറയുന്നു.

Advertisement