യുഎസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

Advertisement

കൊല്ലം: യുഎസില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി ആരോപണം. എഡ്യൂഫ്യൂചറിസ്റ്റിക് ലേര്‍ണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥപനത്തിനെതിരെയാണ് നിരവധി വിദ്യാര്‍ഥികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. സ്ഥാപനത്തിന്റെ എംഡിയും വിരമിച്ച സെക്രട്ടേറിയേറ്റ് പ്രിന്റിംഗ് ഡയറക്ടറും അഡീഷണല്‍ സെക്രട്ടറിയുമായ ചവറ സ്വദേശിയും ചേര്‍ന്ന് യുഎസിലെ വെര്‍ജീനിയയില്‍ നഴ്സിംഗ് അസിസ്റ്റന്റ് ജോലി നല്‍കാമെന്ന് പറഞ്ഞാണ് യുവതി യുവാക്കളില്‍ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം.
അമേരിക്കയിലെ വെര്‍ജീനിയായിലുള്ള യൂണിറ്റാറ്റിസ് യൂണിവേഴ്സിറ്റാസ് സാരവത്താരിസ് എന്ന യൂണിവേഴ്സിറ്റി നടത്തുന്ന നാലാഴ്ചത്തെ ഓണ്‍ലൈന്‍ സി.എന്‍.എ കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് 6 മാസത്തിനുള്ളില്‍ ഇബി3 വിസ നല്‍കാമെന്ന ഉറപ്പ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി പലരില്‍ നിന്നും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള തുകകള്‍ ഇവര്‍ കൈപ്പറ്റി. 2022 ജനുവരി മുതല്‍ ജൂണ്‍ മാസം വരെ വ്യത്യസ്ത ബാച്ചുകളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഏകദേശം 300-ലധികം യുവതീ യുവാക്കള്‍ അമേരിക്കന്‍ വിസ പ്രതീക്ഷിച്ച് ഈ കോഴ്സില്‍ പങ്കെടുത്തിരുന്നു. ഇപ്രകാരം കോടികളാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, ഡിജിപി ഓഫീസിലെ എന്‍ആര്‍ഐ സെല്‍, നോര്‍ക്ക ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചവറ സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

Advertisement