കരുനാഗപ്പള്ളി. ദീർഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരഭാഗത്ത് ഓപ്പൺ ഫ്ലൈ ഓവർ നിർമ്മിക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച എ.എം.ആരിഫ് എം.പി.യുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആദ്യം ഈ ഭാഗത്ത് ഗ്രേഡ് സെപ്പറേറ്റർ മാതൃകയിൽ മേൽപ്പാലം പണിയാനായിരുന്നു തീരുമാനം എങ്കിലും നഗരം രണ്ടായിമുറിക്കപ്പെടും എന്നതിനാൽ വിഷയം ശ്രദ്ധയിൽപ്പെടുത്തി ഫ്ളൈ ഓവർ പണിയാൻ തീരുമാനം എടുപ്പിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് എം.പി. വ്യക്തമാക്കി. തുറവൂർ മുതൽ കരുനാഗപ്പള്ളി വരെയുള്ള ഭാഗത്ത് ആകെ 9 ഫ്ലൈ ഓവറുകളും 41 അടിപ്പാതകളുമാണ് നിർമ്മിക്കുക എന്ന് മറുപടിയിൽ വ്യക്തമാക്കി.
തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗത്തെ പണികൾ 2024 സെപ്തംബറിലും പറവൂർ- കൊറ്റുകുളങ്ങര ഭാഗം 2025 ഫെബ്രുവരിയിലും കൊറ്റുകുളങ്ങര-കൊല്ലം ഭാഗം 2024 ഒക്ടോബർ മാസത്തിലും അരൂർ-തുറവൂർ ഉയരപ്പാത 2026 ജനുവരിയിലും പൂർത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.