ചവറ.വില്‍പ്പനക്കായി എത്തിച്ച നാലര കിലോയോളം വരുന്ന കഞ്ചാവുമായി രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായി. ചവറ, ചെറുശ്ശേരി ഭാഗം, വിഷ്ണു ഭവനില്‍ വിഷ്ണു (24), ചവറ, നല്ലേഴത്ത് മുക്ക്, ശ്രീശൈലം, സഞ്ജയ് (26) എന്നിവരാണ് ചവറ പോലീസിന്‍റെ പിടിയിലായത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം ഒരാഴ്ചയായി പ്രതികളെ അതീവ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയായ വിഷ്ണുവിന്‍റെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നു എന്ന് വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വില്‍പ്പനക്കായി ഇരുമ്പ് പെട്ടിക്കുള്ളില്‍ ബാഗിനുള്ളിലാക്കി രഹസ്യമായി സൂക്ഷിച്ചിരുന്ന നാലര കിലോയോളം കഞ്ചാവാണ് പോലീസ് സംഘം കണ്ടെടുത്തത്. കഞ്ചാവും, ഒ.സി.ബി പേപ്പറുകളും, പൊതിഞ്ഞ് കൊടുക്കുന്നതിനായി ഉപയോഗിക്കുന്ന പോളിത്തീന്‍ കവറുകളും പ്രതിയായ സഞ്ജയ് കൂട്ടാളിയായ വിഷ്ണുവിന്‍റെ കൈയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി.എസ് പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ കുരുവിള, ഗോപാലകൃഷ്ണന്‍, എ.എസ്.ഐ വസന്തകുമാര്‍, ഷീജ, എസ്.സി.പി.ഒ മാരായ അനില്‍, രഞ്ജിത്ത് സി.പി.ഒമാരായ രതീഷ്, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.