കരുനാഗപ്പള്ളി . ഏറെ തിരക്കേറിയ ജില്ലയിലെ പട്ടണങ്ങളിൽ ഒന്നായ കരുനാഗപ്പള്ളിയെ രണ്ടായി വേർതിരിക്കുന്ന വാൾ സെപ്പറേറ്റഡ് മേൽപ്പാലത്തിനു പകരം തൂണുകളിൽ സ്ഥാപിക്കുന്ന ഓപ്പൺ ഫ്ലൈ ഓവർ നിർമ്മിക്കാനുള്ള തീരുമാനത്തെ കരുനാഗപ്പള്ളിയിലെ വ്യാപാരി സമൂഹം സ്വാഗതം ചെയ്തു. കഴിഞ്ഞദിവസം പാർലമെൻ്റിൽ എ എം ആരിഫ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയാണ് കരുനാഗപ്പള്ളിയിൽ ഓപ്പൺ ഫ്ലൈ ഓവർ നിർമ്മിക്കുന്ന കാര്യം വ്യക്തമാക്കിയത്.
കരുനാഗപ്പള്ളി നഗരത്തെ മതിലുകെട്ടി മറക്കുന്ന ഫ്ലൈ ഓവർ നിർമ്മിക്കാനുള്ള തീരുമാനത്തിനെതിരെ മറച്ചൻ്റ് അസോസിയേഷൻ മുൻകൈയെടുത്ത് രൂപീകരിച്ച സേവ് കരുനാഗപ്പള്ളി ഫോറം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ ഇക്കാര്യത്തിൽ ഇടപെടുവിക്കുവാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നതായി അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശ്നം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹരിക്കാൻ സഹായിച്ച എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ പാർട്ടി കളയും അഭിനന്ദിക്കുന്നതായി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ പുളിമൂട്ടിൽ ബാബു, മുനീർ വേലിയിൽ, വിപിഎസ് മേനോൻ, സുധീർ ചോയ്സ്, ആർ ശ്രീജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കരുനാഗപ്പള്ളിക്ക് തീരാദുരിതം പ്രധാനം ചെയ്യുമായിരുന്ന നാഷണൽ ഹൈവേ വികസനത്തിലെ ടൗൺ പ്രദേശത്തെ എലിവേറ്റെഡ് ഹൈവേ എന്ന ആശയത്തിനെതിരെ ജനകീയ അഭിപ്രായം മാനിച്ച് നാഷണൽ ഹൈവേ അതോറിറ്റിയിലും, കേന്ദ്ര ഗവൺമെൻ്റിലും ശക്തമായ സമ്മർദം ചെലുത്തി ഓപ്പൺ ഫ്ളൈ ഓവറിന് രൂപം കൊടുത്ത ബഹുമാനപ്പെട്ട എ എം ആരിഫ് എംപിക്കും, മറ്റു ജനപ്രതിനിധികൾക്കും ഇതിനെതിരെ പ്രമേയം പാസ്സാക്കിയ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയ്ക്കും പ്രശ്നം ശ്രദ്ധയിൽ കൊണ്ടുവന്ന ദൃശ്യ മാധ്യമ പ്രവർത്തകർക്കും യുണൈറ്റഡ് മർച്ചൻസ് ചേംബർ (യുഎംസി) കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി അഭിനന്ദനങ്ങൾ അർപ്പിച്ചു. യോഗത്തിൽ പ്രസിഡൻ്റ് ഡി മുരളീധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് നിജാം ബഷി പങ്കെടുത്തു. ജനറൽ സെക്രട്ടറി റുക്ഷ പി കുമാർ സ്വാഗതവും, ട്രഷറർ സുബ്രു എൻ സഹദേവ് നന്ദിയും പറഞ്ഞു.