മാളിയേക്കൽ മേൽപ്പാലം ആറുമാസത്തിനകം യാഥാർത്ഥ്യമാക്കും

Advertisement

കരുനാഗപ്പള്ളി . കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന മാളിയേക്കൽ മേൽപ്പാല നിർമാണം ആറുമാസത്തിനകം പൂർത്തീകരിക്കാൻ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.


മേൽപ്പാലത്തിന്റെ 75 ശതമാനം നിർമാണവും പൂർത്തിയായിട്ടുണ്ട്. എന്നാൽ, റെയിൽവേ പാളത്തിന് കുറുകെയുള്ള ഗർഡറുകൾ സ്ഥാപിക്കുന്നത് വൈകുന്നതാണ് നിർമാണം സ്തംഭിക്കാൻ കാരണമായത്. റെയിൽവേയാണ് ഇവ സ്ഥാപിക്കേണ്ടത്. ഇവിടെ സ്ഥാപിക്കുന്നതിനുള്ള ഗർഡറുകൾ തിങ്കളാഴ്ച മുതൽ എത്തിക്കുമെന്നും പതിനഞ്ച് ദിവസം കൊണ്ട് അവ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. സംരക്ഷണഭിത്തി, നടപ്പാത തുടങ്ങിയ റെയിൽവേയുടെ പ്രവർത്തികൾ നവംബർ 15-നു മുമ്പായി പൂർത്തീകരിക്കും. അവശേഷിക്കുന്ന ജോലികളും മൂന്നു മാസത്തിനുള്ളിൽ തീർക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

മണ്ഡലത്തിലെ മറ്റൊരു മേൽപ്പാലമായ ചിറ്റുമൂല റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിൽ വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന രണ്ടു തർക്കങ്ങളും പരിഹരിച്ചു. കെഎസ്ഇബി, വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയ റിപ്പോർട്ട് ഉടൻ സമർപിക്കണമെന്ന് യോഗം നിർദേശിച്ചു. ഈ പദ്ധതിക്ക് അധികമായി വേണ്ടി വരുന്ന ഫണ്ട് കിഫ്ബിയിൽ നിന്ന് ആവശ്യപെടും.

കാട്ടിൽകടവ് പാലം ടെൻഡർ ചെയ്‌തെങ്കിലും ഒരു കരാറുകാരൻ മാത്രമേ പങ്കെടുത്തുള്ളൂ. അതിനാൽ റീ-ടെൻഡർ ചെയ്യും.
തഴവ ഗവ. കോളേജ് കെട്ടിട നിർമാണം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി കെട്ടിട നിർമാണം എന്നിവ സംബന്ധിച്ച അവലോകനം വീണ്ടും നടത്തും. ഈ പദ്ധതികൾ എല്ലാം മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മണ്ഡലത്തിൽ അനുവദിച്ചവയാണ്.

Advertisement