കരുനാഗപ്പള്ളിയിലെ വിഭാഗീയത,ഡിവൈഎഫ്ഐ ജാഥയിൽ നിന്നും മുൻ നേതാവിനെ വെട്ടി

Advertisement

കരുനാഗപ്പള്ളി . അഖിലേന്ത്യാതലത്തിലൊക്കെ പോയാലെന്താ അനഭിമതനായാല്‍പോയില്ലേ, ഡി.വൈ.എഫ്.ഐ ജാഥയിൽ നിന്നും മുൻ നേതാവിനെ വെട്ടി. ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സെക്കുലർ സ്ട്രീറ്റ് ക്യാമ്പയിൻ്റ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ജില്ലാ പ്രചരണ ജാഥയുടെ ഉദ്ഘാടകരുടെ പേരിൽ നിന്നും മുൻ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടി. കരുനാഗപ്പള്ളി ഏരിയയിലെ ജാഥ പര്യടനത്തിന്റെ ഉദ്ഘാടന , സമാപന യോഗങ്ങളിൽ നിന്നാണ് ഡി.വൈ.എഫ്.ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ പി.ആർ .വസന്തനെ ഒഴിവാക്കിയത്.

കരുനാഗപ്പള്ളിയിൽ സി.പി.എമ്മിനുള്ളിൽ നിലനിൽക്കുന്ന ശക്തമായ വിഭാഗീയതയുടെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ ജാഥയിൽ നിന്നും മുൻ നേതാവിനെ വെട്ടിയത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് ആർ .ശ്രീനാഥ് നയിക്കുന്ന ജാഥയ്ക്ക് വിവിധ ഏരിയകളിൽ ഉദ്ഘാടകനായും സമാപന സമ്മേളനം ഉദ്ഘാടകനായും പ്രമുഖ ഡി.വൈ.എഫ്.ഐ നേതാക്കളെ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരക്കരയിൽ ചിന്താ ജെറോമും ആർ അരുൺ ബാബു എന്നി വരും നെടുവത്തൂരിൽ ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ നേതാക്കളായ പി കെ ഗോപൻ, ആർ ബിജു എന്നിവരും കുന്നത്തൂരിൽ ഡി.വൈ.എഫ്.ഐ മുൻ നേതാക്കളായ ജി. മുരളീധരനും ബി നിസാമും ഉൾപ്പെടെ ജാഥയുടെ ഉദ്ഘാടന സമാപന സെഷനുകളിൽ ഉദ്ഘാടകനായി പങ്കെടുക്കുന്നുണ്ട്. എന്നാൽ കൊല്ലം ജില്ലയിൽ തന്നെ ഡിവൈഎഫ്ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റായും അഖിലേന്ത്യ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ച നേതാക്കൾ മറ്റാരുമില്ല.

കരുനാഗപ്പള്ളി ഏരിയയിൽ ശനിയാഴ്ച ജാഥ ആലപ്പാട് വടക്കൻ മേഖലയിൽ നിന്നും പര്യടനം ആരംഭിക്കുമ്പോൾ ഉദ്ഘാടകയായി മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് സൂസൻ കോടിയേയും സമാപന സമ്മേളന ഉദ്ഘാടകനായി കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കരുനാഗപ്പള്ളിക്കാരൻ കൂടി ആയ പി.ആർ. വസന്തനെ 2 യോഗങ്ങളിൽ നിന്നും ഒഴിവാക്കുകയായിരുന്നു. കരുനാഗപ്പള്ളിയിലെ സി.പി.എം വിഭാഗീയതയിൽ ഇരു പക്ഷത്തു നിൽക്കുന്നവരാണ് ഡിവൈഎഫ്ഐ മുൻ നേതാവും മഹിളാ അസോസിയേഷൻ നേതാവും . ഇതിൽ ഒരു പക്ഷത്തിന്റെ നേതൃത്വത്തിൽ നിൽക്കുന്നയാളാണ് ഇപ്പോഴത്തെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ്. ഇരു പക്ഷവും തമ്മിലുള്ള വിഭാഗീയത കൂടുതൽ ശക്തമാകുന്നു എന്നതാണ് പുതിയ തീരുമാനത്തിലൂടെ മനസിലാകുന്നത്. ഡി.വൈ.എഫ്.ഐയുടെ സംഘടനാ പ്രവർത്തനത്തിൽ സി.പി.എമ്മിന്റെ ഇടപെടലും ഡി.വൈ.എഫ്.ഐ നേതൃത്വം അംഗീകരിക്കാറില്ല. കഴിഞ്ഞതവണത്തെ ബ്ലോക്ക് സമ്മേളനത്തിൽ ഇതിനെ ചൊല്ലി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷവും ഉണ്ടായിരുന്നു. ഇത്തവണത്തെ സമ്മേളനങ്ങൾ തുടങ്ങിയ സമയത്താണ് ജില്ലാ ജാഥ എത്തുന്നതും എന്നതും ശ്രദ്ധേയമാണ്.

ഡി.വൈ.എഫ്.ഐ നേതാവിനെ ജാഥയുടെ ഭാഗമാക്കാതെ മാറ്റി നിർത്തിയത് ഡി.വൈ.എഫ്.ഐയും കരുനാഗപ്പള്ളിയിലെ സി.പി.എം നേതൃത്വവും തമ്മിലുള്ള വൈരുദ്ധ്യം വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കും എന്നാണ് വിലയിരുത്തുന്നത്. ഡിവൈഎഫ്ഐയുടെ മുൻ സംസ്ഥാന പ്രസിഡണ്ടിനെ ജാഥയുടെ ഏതെങ്കിലും കേന്ദ്രങ്ങളിലേക്ക് ക്ഷണിക്കേണ്ടതായിരുന്നു എന്നഅഭിപ്രായം ഡി.വൈ.എഫ്.ഐ ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാൽ ജില്ലാ പ്രസിഡന്റിന്റെ ശക്തമായ നിലപാടാണ് ഇതിന് വിരുദ്ധമായ തീരുമാനമെടുക്കാൻ കാരണം എന്നറിയുന്നു.

Advertisement