പ്രതിരോധം തീര്‍ക്കാന്‍ മിഷന്‍ ഇന്ദ്രധനുഷ്;ജില്ലയില്‍ 4895 പേര്‍ക്ക് കുത്തിവയ്പ്പ്

Advertisement

കൊല്ലം: രോഗപ്രതിരോധ കുത്തിവയ്പ്പ് കാമ്പയിനായ മിഷന്‍ ഇന്ദ്രധനുഷ് 5.0ന് ജില്ലയില്‍ തുടക്കമായി. ഗര്‍ഭിണികള്‍ക്കും അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്കും പ്രതിരോധകുത്തിവയ്പ് പൂര്‍ണമാക്കി 100 ശതമാനം രോഗപ്രതിരോധശേഷി കൈവരിക്കുകയാണ് ലക്ഷ്യം. 3466 കുട്ടികളേയും 1429 ഗര്‍ഭിണികളേയുമാണ് കുത്തിവയ്ക്കുക.
ഡിഫ്തീരിയ, പോളിയോ, ബാലക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി, റൂബെല്ല തുടങ്ങിയ രോഗങ്ങളില്‍നിന്ന് കുട്ടികള്‍ക്ക് സംരക്ഷണത്തിനായും ഗര്‍ഭിണികളില്‍ രോഗപ്രതിരോധത്തിനായുമാണ് കുത്തിവയ്ക്കുന്നത്. ഓഗസ്റ്റ് 12 വരെയും സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും ഒക്ടോബര്‍ ഒമ്പത് മുതല്‍ 15 വരെയും മൂന്ന് ഘട്ടങ്ങളിലായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി കുത്തിവയ്പ് സ്വീകരിക്കാം.
ജില്ലാതല ഉദ്ഘാടനം മയ്യനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ നിര്‍വഹിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷാഹിദ അധ്യക്ഷയായി. ജില്ലാ ഡിപിഎച്ച് എന്‍.സി. സീന, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ എം.എസ്. അനു, സിഎച്ച്‌സി പാലത്തറ മെഡിക്കല്‍ ഓഫീസര്‍ പത്മകേസരി തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement