ശൂരനാട് . ശൂരനാട് തെക്ക് പതാരത്ത് വീട് കയറി അക്രമം. വീട് അടിച്ചു തകർക്കുകയും വീടിന് മുന്നിൽ റീത്ത് വയ്ക്കുകയും ചെയ്തു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അയണിവിള കിഴക്കതിൽ മുരളീധരന്റെ വീടാണ് അക്രമി സംഘം അടിച്ച് തകർത്തത്. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് അക്രമം. അക്രമ സമയ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.മുരളീധരനും ഭാര്യ വിജയമ്മയും സമീപത്തെ ബന്ധുവീട്ടിലാണ് കിടന്നിരുന്നത്. അല്ലങ്കിൽ ഇവരും അക്രമത്തിന് ഇരയായേനെ.
മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും സമീപപ്രദേശത്തെ ചില യുവാക്കളാണ് ഇതിന് പിന്നിലെന്നും കരുതുന്നു. സംശയുള്ളഏതാനും പേരെ പ്രതിയാക്കി ഇവർ ശൂരനാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുരളീധരന്റെ മകൻ അനൂപും ശൂരനാട് കെ.സി.റ്റി മുക്കിന് സമീപമുള്ള ചില യുവാക്കളുമായി 8 വർഷം മുമ്പ് വടം വലിയെ സംബന്ധിച്ച് തർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. 2 വർഷം മുമ്പ് കോടതിയിൽ വച്ച് ഇതുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കിയിരുന്നു. അതിന് ശേഷം ഗൾഫിലേക്ക് പോയ അനൂപ് സമീപകാലത്താണ് നാട്ടിലെത്തിയത്. കഴിഞ്ഞ
മാസം (ജൂലൈ ) 30 ന് രാത്രി ഭരണിക്കാവിലെ തട്ടുകടയിൽ ഇരുന്ന അനൂപിനെയും സുഹൃത്ത് രഞ്ജിത്തിനെയും ഇതേ സംഘത്തിൽപ്പെട്ടവർ അക്രമിക്കുകയും പിന്നീട് ഇവർ രഞ്ജിത്തിന്റെ വീട്ടിൽ എത്തി അവിടെ സൂക്ഷിച്ചിരുന്ന ഇരു ചക്ര വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ശൂരനാട് പോലീസിൽ പരാതി നൽകിയിരുന്നു.
അനൂപിന്റെ വീട്ടിലും അക്രമം ഉണ്ടാകും എന്ന ധാരണ ഉണ്ടായിരുന്നതിനാൽ അനൂപും മാതാപിതാക്കളും സമീപത്തെ ബന്ധുവീടുകളിലാണ് താമസിച്ചിരുന്നത്. പുതിയ വീട്ടിന്റെ പണി നടക്കുന്നതിനാൽ ഇതിനോട് ചേർന്ന് നിർമ്മിച്ച താത്ക്കാലിക വീടാണ് അക്രമികൾ അടിച്ചു തകർത്തത്. വീട്ടുപകരണങ്ങളും ഇലക്ടിക് സംവിധാനങ്ങളും അടിച്ചു തകർത്തു. വീടിന്റെ മുന്നിൽ റീത്തും വച്ചിട്ടാണ് അക്രമി സംഘം മടങ്ങിയത്. സംഭവം അറിഞ്ഞ് രാത്രി തന്നെ ശൂരനാട് പോലീസ് സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും ഇനിയും പ്രതികളെ പിടികൂടിയിട്ടില്ല.