അച്ചന്‍കോവിലില്‍ നിന്ന് നിറപുത്തരി ഘോഷയാത്ര ഇന്ന്

Advertisement

പുനലൂര്‍: ശബരിമലയില്‍ നിറപുത്തരി ഒരുക്കാന്‍ അച്ചന്‍കോവില്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്ന് നെല്‍ക്കതിരുമായി നടത്തുന്ന നിറപുത്തരി ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷം 5.30ന് നെല്‍ക്കതിര്‍ കറ്റകള്‍ അലങ്കരിച്ച വാഹനത്തില്‍ കോട്ടവാസല്‍ കറുപ്പസ്വാമി ക്ഷേത്രം, ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുന്നല ശാസ്താ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ശബരിമലയ്ക്ക് യാത്ര തിരിക്കും. പുനലൂര്‍ നെല്ലിപ്പള്ളി ശിവക്ഷേത്രം, പുന്നല അമ്മൂമ്മ കൊട്ടാരം, കവലയില്‍ ദേവീക്ഷേത്രം വഴി വടശ്ശേരിക്കര വഴിയാകും പോവുക.
തമിഴ്‌നാട്ടിലെ തെങ്കാശി താലൂക്കില്‍ പമ്പിളിയിലെ അയ്യപ്പസ്വാമിയുടെ പേരിലുള്ള 30.8 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയില്‍ നിന്ന് ശേഖരിച്ച കറ്റകള്‍ കഴിഞ്ഞ ദിവസം അച്ചന്‍കോവിലില്‍ എത്തിച്ചിരുന്നു. തെങ്കാശ്ശിയില്‍ നിന്നും കഴിഞ്ഞ 33 വര്‍ഷമായി തിരുവാഭരണ പേടകം വഹിക്കുന്ന വാഹനമൊരുക്കുന്ന ഹരിഹര സ്വാമിയാണ് ഇക്കുറിയും തന്റെ വാഹനത്തില്‍ നെല്‍ക്കതിര്‍ അച്ചന്‍കോവിലില്‍ എത്തിച്ചത്. ഈ വാഹനത്തില്‍ തന്നെയാണ് ഘോഷയാത്രയായി ശബരിമലയ്ക്ക് പോകുന്നതും. മുന്‍പ് ഹരിഹര സ്വാമിയുടെ അച്ഛന്‍ എസി.എസ്. ഗുരു സ്വാമി നാടാരാണ് തിരുവാഭരണം കൊണ്ടു പോയിരുന്നത്.
2016ല്‍ അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആണ് അച്ചന്‍കോവിലില്‍ നിന്ന് നിറപുത്തരി ഘോഷയാത്രയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊവിഡ് വ്യാപനംമൂലം യാത്ര മുടങ്ങിയിരുന്നു. അപ്പോള്‍ പാലക്കാട്ടു നിന്നാണ് ശബരിമലയില്‍ നിറപുത്തരിയ്ക്ക് നെല്‍ക്കതിര്‍ എത്തിച്ചിരുന്നത്. ഇക്കുറിയും പാലക്കാട് നിന്നും നെല്‍ക്കതിര്‍ എത്തും. ഘോഷയാത്രയ്ക്ക് കേരള-തമിഴ്‌നാട് പോലീസ് അകമ്പടി സേവിക്കും.

Advertisement