കൊല്ലം: കൊല്ലം രൂപത വൈദികനും അദ്ധ്യാപകനും ജീസസ് ബോട്ട് ക്ലബ് സ്ഥാപകനുമായ ഫാദർ ജോസ് പ്രകാശ് (57) അന്തരിച്ചു. മൃതസംസ്കാരം ഇന്ന് രാവിലെ 10:30 ന് കുണ്ടറ കൈതാകോടി സെന്റ് ജോർജ് ദേവാലയത്തിൽ കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. രാവിലെ 10 ന് വെള്ളിമൺ കൈതാകോടി തൊടി പുരയിടം വീട്ടിൽ നടക്കുന്ന മൃതസംസ്കാര ശുശ്രൂഷാകർമ്മങ്ങൾക്ക് കൊല്ലം രൂപത മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ നേതൃത്വം നൽകും.
1967 ഫെബ്രുവരി 17 ന് ജനനം. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം സെന്റ് റാഫേൽസ് സെമിനാരി, മംഗലാപുരം മേജർ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി. 1993 ഏപ്രിൽ 17 ന് കൊല്ലം രൂപത മുൻമെത്രാൻ ഡോ. ജോസഫ് ജി. ഫെർണാന്റസിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു.
മംഗലാപുരം സർവ്വകലാശാലയിൽ നിന്ന് ട്രിപ്പിൾ ബി.എ.യും കൊല്ലം ഫാത്തിമ കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ.യും കർമ്മലറാണി ടെയിനിങ്ങ് കോളജിൽ നിന്ന് ബിഎഡ് ഡിഗ്രിയും കരസ്ഥമാക്കി. കഴിഞ്ഞ 18 വർഷം കൊല്ലം സെന്റ് അലോഷ്യസ് ഹൈയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനായി ജോലി നോക്കി. മാർച്ച് 31 ന് ജോലിയിൽ നിന്ന് വിരമിച്ചു .
അധ്യാപന വൃത്തിയോടൊപ്പം യുവജനക്ഷേമത്തിനായി ബോട്ട് ക്ലബ്ബുകളും കായിക സംഘങ്ങളും സ്ഥാപിച്ചു. പ്രസിദ്ധമായ വിവിധ ജലോത്സവങ്ങളിൽ പങ്കെടുപ്പിച്ച് അവരെ ജേതാക്കളാക്കി.
രൂപതയിലെ വാടി, അരവിള, കല്ലട, വെള്ളിമൺ, മങ്ങാട് എന്നീ ഇടവകകളിൽ വികാരിയായും പ്രവർത്തിച്ചു. തങ്കശേരി ഇൻഫന്റ് ജീസസ് ബോർഡിംഗ് വാർഡൻ, സെന്റ് റാഫേൽ സെമിനാരിയിലെ ആദ്ധ്യാത്മിക പിതാവ് , കൊല്ലം മെത്രാസന മന്ദിരത്തിലെ ഹൗസ് മിനിസ്റ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.
കൈതാകോടി തൊടി പുരയിടത്തിൽ പരേതരായ അൽഫോൺസും ലോറൻസിയായും മാതാപിതാക്കൾ.
മരിയ ഗൊരേറ്റി, പരേതനായ സിറിൾ, ലിയോൺസ് (റിട്ടയേർഡ് ഉദ്യോഗസ്ഥൻ കെ.എസ്.ആർ.ടി.സി.) എബ്രഹാം, ആന്റണി, ഡോറത്തി മേരി (റിട്ടയേർഡ് ഹെഡ്മിസ്ട്രസ്), വിനോബ് (കെ.എസ്. ആർ.ടി.സി.). എന്നിവർ സഹോദരങ്ങൾ