കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ മര്‍ദ്ദിച്ച കേസ്, പൊലീസ് ഉദ്യോഗസ്ഥന്‍റെ സ്വത്തുക്കള്‍ഏറ്റെടുക്കാന്‍ ഉത്തരവ്

Advertisement

കരുനാഗപ്പള്ളി. കസ്റ്റഡിയിലെടുത്തു മർദിച്ചെന്ന കേസിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഭിഭാഷകൻ പറമ്പിൽ ജയകുമാർ കരുനാഗപ്പള്ളി കോടതിയിൽ ഫയൽ ചെയ്ത കേസിൽ പോലീസ് ഉദ്യോഗസ്ഥന്റെ സ്വത്തുക്കൾ താത്കാലികമായി ഏറ്റെടുക്കാൻ കരുനാഗപ്പള്ളി സബ് കോടതി ജഡ്ജി സന്തോഷ് ദാസ് ഉത്തരവായി.

സംഭവസമയത്ത് കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ആയിരുന്ന അലോഷ്യസ് അലക്സാണ്ടറിന്റെ സ്വത്തുക്കൾ ഏറ്റെടുക്കാനാണ് ഉത്തരവ്. അന്നത്തെ കരുനാഗപ്പള്ളി സി.ഐ. ജി.ഗോപകുമാർ, എസ്.ഐ. അലോഷ്യസ് അലക്സാണ്ടർ, താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ അലക്സാണ്ടർ പണിക്കർ മുഖേനയാണ് പറമ്പിൽ ജയകുമാർ കേസ് ഫയൽ ചെയ്തത്. ഗോപകുമാറിന്റെ പേരിൽ വസ്തുക്കൾ ഇല്ലാത്തതിനാൽ നടപടി ഉണ്ടായില്ല. ഡോക്ടറെയും ഒഴിവാക്കി.

2022 സെപ്റ്റംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ജയകുമാർ വാഹനത്തിൽ വരുമ്പോൾ ഇടക്കുളങ്ങരയിൽവെച്ച് മറ്റൊരു വാഹനവുമായി തട്ടിയിരുന്നു. തുടർന്നുണ്ടായ പരാതിയിലാണ് ജയകുമാറിനെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച് മർദിച്ചതായി ആരോപിച്ച് പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചും പ്രതിഷേധിച്ചു. തുടർന്ന് ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു